മസ്കത്ത്: നിർദ്ധനരായ അര്‍ബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വര്‍ഷം നടപ്പാക്കുന്ന “കാരുണ്യ സ്പർശം” എന്ന് നാമകരണം ചെയ്തിരിക്കുന്ന ചികിത്സാ സഹായ പദ്ധതിയിലൂടെ നിർദ്ധനരായ അര്‍ബുദ രോഗികള്‍ക്ക് സഹായം ലഭ്യമാകും.
തണൽ ചാരിറ്റി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ്. സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സഹിതം “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിൽ അപേക്ഷിക്കണം .
പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍ വിശുദ്ധ കുർബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ സര്‍ജനും ഒമാനിലെ കാന്‍സര്‍ ബോധവത്ക്കരണ പ്രവര്‍ത്തകയുമായ ഡോ. രാജ്യശ്രീ നാരായണൻകുട്ടി നിര്‍വ്വഹിച്ചു. ചിട്ടയായ ജീവിതചര്യകളും ഭക്ഷണശീലവും വ്യായാമവും അനുവര്‍ത്തിച്ചാല്‍ ഒരു പരിധിവരെ അര്‍ബുദ രോഗത്തെ പ്രതിരോധിക്കാനാകുമെന്നും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സയിലൂടെ പൂര്‍ണ്ണമായും രോഗമുക്തി നേടാനാകുമെന്നും ഡോ. രാജ്യശ്രീ പറഞ്ഞു. ചടങ്ങിൽ സഭാ മാനേജിംഗ് കമ്മറ്റി അംഗവും പ്രമുഖ സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്‍ നിന്ന് പദ്ധതിക്കായുള്ള ആദ്യ തുക സ്വീകരിച്ചു. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, കണ്‍വീനര്‍ മനോജ് മാത്യു എന്നിവര്‍ സംസാരിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ .എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി.ബിജു ടി. കെ, സെക്രട്ടറി സാം ഫിലിപ്പ്, കോ-ട്രസ്റ്റി ബിനിൽ കെ. എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 18 വർഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ, കാന്‍സര്‍ ചികിത്സ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം, വിവാഹം, ഭവന നിര്‍മ്മാണം, സ്വയം തൊഴിൽ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ആയിരത്തിലധികം പേർക്ക് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്. ക്യാൻസർ ചികിത്സാ സഹായ പദ്ധതിക്കൊപ്പം സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലും വിവിധങ്ങളായ ധനസഹായം നൽകും.
അടിക്കുറിപ്പ്
മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ഈ വര്‍ഷത്തെ “തണല്‍ കാരുണ്യസ്പര്‍ശം“ കാന്‍സര്‍ ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം ഡോ. രാജ്യശ്രീ നാരായണന്‍കുട്ടി നിര്‍വ്വഹിക്കുന്നു.