മസ്കത്ത്: ഗൾഫ് നാടുകളിലേതുൾപ്പെടെ മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദ് ചെയ്തത് ആയിരക്കണക്കിന് പ്രവാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും നൂറുക്കണക്കിന് യാത്രക്കാരാണ് കണ്ണീരിലായത്. ഇതിൽ തന്നെ കുടുംബാംഗങ്ങൾക്ക് അത്യാഹിതം വന്ന് യാത്ര ചെയ്യുന്നവരും, വിസ കാലാവധി അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നവരും ഉണ്ട് എന്നതാണ് പരിതാപകരം.
വിമാനസർവീസ് ഏതെങ്കിലും കാരണവശാൽ നിലച്ചു പോയാൽ അടിയന്തിരമായി താമസ സൗകര്യവും ആഹാരവും നൽകുക എന്നത് ഒരു അന്താരാഷ്ട്ര മര്യാദയാണ്. അതുമല്ലെങ്കിൽ ചുരുങ്ങിയത് ടിക്കറ്റ് തുക തിരിച്ച് നൽകുകയെങ്കിലും ചെയ്യുമെന്ന് കരുതിയവർക്ക് പതിനാല് ദിവസം കാത്തിരിക്കണമെന്ന ഉത്തരവാദിത്വമില്ലാത്ത മറുപടിയാണ് എയർഇന്ത്യ യാത്രക്കാരിൽ നിന്നും ലഭിച്ചത് എന്നാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്ന വിവരം.
എയർ ഇന്റ്യയുടെ ഈ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് റുവി കെ എം സി സി നേതാക്കൾ ആരോപിച്ചു. യാത്രാക്ലേശം നേരിട്ട് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയവർ സഹായങ്ങൾക്കായി കെ എം സി സിയെ ബന്ധപ്പെടുന്നുണ്ടെന്നും. ആവശ്യമുള്ള അടിസ്ഥാന സഹായ സഹകരണങ്ങൾ നൽകുമെന്നും റുവി കെ എം സി സി പ്രസിഡണ്ട് അറിയിച്ചു.