സലാല: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്ര ദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് സലാല കെഎംസിസി  ആവശ്യപ്പെട്ടു.
വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും രോഗികളുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യ സ്ഥാനത് എത്തിക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകൾ ആണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ കൈക്കൊള്ളുന്നതെന്നും സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അലി ഹാജി, ജനറൽ സെക്രട്ടറി ഷബീർ കാലടി  എന്നിവർ കുറ്റപ്പെടുത്തി. കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസ ജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടണം എന്നും കെഎംസിസി നേതാക്കൾ ആവശ്യപ്പെട്ടു.ആഴ്ചയിൽ ഒന്നോ രണ്ടോ സർവീസുകൾ മാത്രമുള്ള സലാല പോലെയുള്ള പ്രദേശങ്ങളിൽ ഇത് വലിയ തോതിൽ ആണ് ബാധിക്കുന്നത്.
വിസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നവർക്കും ചികിത്സാ ആവശ്യാർത്ഥം നാട്ടിൽ പോകുന്നവർക്കും എല്ലാം വലിയ തോതിൽ സാമ്പത്തിക പ്രായാസമടക്കം ഈ നടപടിയിലൂടെ അനുഭവപ്പെടുന്നു.
ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണമെന്നും സലാല കെഎംസിസി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *