മസ്കറ്റ് : കേരളത്തിൽ യുവതിയുടെ മരണത്തിനു ഇടയാക്കിയ അരളിപ്പൂവ് ഒമാനിലും ധാരാളമായി വളരുന്നുണ്ട്. മനോഹരമായ പൂവായതിനാൽ റോഡരികിലും പാർക്കിലും ഗാർഡനിലുമൊക്കെ പടർന്നുപിടിച്ച ഈ പൂവ് മരണത്തിനു കാരണമാകും എന്ന വാർത്ത ഞെട്ടലോടെ ആണ് പലരും കേട്ടത്. ജാഗ്രത പാലിക്കണമെന്ന ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. അരളിപ്പൂവിന്റെ വിഷ സ്വഭാവത്തെ ക്കുറിച്ച് അത്രകണ്ട് ബോധ്യമുള്ളവരല്ല പ്രവാസികൾ. പ്രത്യേകിച്ച് പ്രവാസികുട്ടികൾ. ചുവപ്പ്, വെളുപ്പ്, പിങ്ക് നിറത്തിൽ കാണപ്പെടുന്ന അരളി പൂവ് അതിന്റെ ഭംഗികൊണ്ട് തന്നെ ആരെയും ആകർഷിക്കുന്നതാണ്. ഏതുകാലാവസ്ഥയിലും വളരുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഭക്തി ആവശ്യങ്ങൾക്കാണ് ഈ പൂവ് അധികമായി ഉപയോഗിക്കുന്നത്
കുട്ടികൾ ഇതിന്റെ ഭംഗികൊണ്ട് പറിച്ച് അറിയാതെ വായിലേക്ക് എങ്ങാനും വച്ചാൽ അപകടമാണ്. മസ്കറ്റിലും സലാലയിലെ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അരളി ചെടികൾ വളരുന്നുണ്ട്. ഒമാനിലുടനീളം റോഡ് സൈഡിലും പാർക്കുകളിലും പൂന്തോട്ടങ്ങളിലും അരളി ചെടികൾ ധാരാളമായി ഉണ്ടാകും. ഫ്ലാറ്റിനു മുമ്പിലും വീടിനു മുമ്പിലും ഒക്കെ ഭംഗിക്കായി അരളിച്ചെടി വളർത്തുന്നവരുമുണ്ടാകും. പുറമെ കാണിക്കുന്ന ഭംഗിക്കപ്പുറം പൂവും തണ്ടും ഇലയും അടക്കം വിഷമയമാണ്. ചെറിയ അളവിൽ പോലും ഉള്ളിൽ പോകുന്നത് വലിയ അപകടം ചെയ്യും. കേരളത്തിൽ ഒരു യുവതിയുടെ മരണത്തിനു അരളി പൂവ് ഇടയാക്കിയതോടെയാണ് പ്രവാസലോകത്തും അരളിപ്പൂവ് ചർച്ച ആകുന്നത്.അടുത്തിടെ അരളി ചെടി തിന്ന ഒരു പശുക്കുട്ടിയും നാട്ടിൽ ചത്തിരുന്നു.പ്രവാസികൾ കുട്ടികളെയും കൊണ്ട് പാർക്കിലും പൊതുസ്ഥലങ്ങളിലും പോകുമ്പോൾ അവിടെ കാണുന്ന അരളി ചെടിയോട് അകലം പാലിക്കണം.
ഫോട്ടോ : മസ്കറ്റിലെ അൽ സരൂജിലെ ഒരു പൊതു ഉദ്യാനത്തിൽ പൂത്തുനിൽക്കുന്ന അരളിപ്പൂവ്