മസ്‌ക്കറ്റ്: മസ്‌ക്കറ്റ് ശിവക്ഷേത്രാഗണത്തിൽ വച്ച് നടന്ന പ്രാർത്ഥനായജ്ഞം SNDP ഒമാൻ യൂണിയൻ ചെയർമാൻ എൽ.രാജേന്ദ്രൻ,കൺവീനർ രാജേഷ്.ജി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ് വസന്തകുമാർ,കോർ കമ്മിറ്റി മെമ്പർ ഡി.മുരളീധരൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.

ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ മാനവഹൃദയങ്ങളിലും എത്തിച്ചേരണം എന്ന മഹത്തായ ഗുരുസന്ദേശമാണ് “ഗുരുപുഷ്പാജ്ഞലി” എന്ന ഈ പ്രാര്‍ത്ഥനായജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്നും, ശാസ്ത്രത്തിന്റെ ഗണനീയ സമവാക്യങ്ങള്‍ക്കപ്പുറം ദീപ്ത-ദീര്‍ഘ ഭൗതിക സൂക്ഷ്മതയും ഭക്തിസാന്ദ്രതയും ചൊരിയുന്ന അറിവുകളുടെ പ്രവാഹമാണ് ഗുരുവിന്റെ തത്വദര്‍ശനങ്ങളെന്നും,അത് പാരായണം ചെയ്യുന്നതിലൂടെ കലുഷിതമായ ഈ ലോകത്തില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ഏകമതബോധത്തിന്റെ നവകിരണങ്ങള്‍പകര്‍ന്ന് സമസ്ത ജീവിതദു:ഖങ്ങളില്‍ നിന്നും മോചനം നേടാന്‍ നമ്മൾക്കെല്ലാം കഴിയുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇങ്ങിനെയുള്ള കൂടിച്ചേരലിലൂടെ SNDP ഒമാന്‍ യുണിയന്റെ എല്ലാ ശാഖയില്‍ നിന്നുമുള്ള അംഗങ്ങള്‍ക്ക് പരസ്പരം കാണുവാനും, സംവധിക്കാനും അതിലൂടെ ഗുരുസന്ദേശം കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനാകുമെന്ന് പ്രത്യാശിക്കുന്നതായി ഭാരവാഹികൾ കൂട്ടിചേർത്തു.
പ്രസിദ്ധ വാദ്യ വിദഗ്ധൻമാരായ സുനിൽ കൈതാരം,വിനോദ് പെരുവ കൂടാതെ, സുനീത്കുമാർ,ബബിത ശ്യാം,ഡ്രീം ഷാ ബ്ലസ്സൻ എന്നിവരും ചേർന്ന് നടത്തിയ ഗുരുദേവ കൃതികളുടെ ആലാപനം മസ്ക്കറ്റിലെ ശ്രീ നാരായണിയർക്ക് ഏറെ ഭക്തിസാന്ദ്രവും ഹൃദ്യവുമായ ഒരു അനുഭവമായി മാറി.
        ഇനി തുടർന്നുള്ള എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വൈകിട്ട് 7-15 ന് മസ്കറ്റിലെ ശിവക്ഷേത്ര ഹാളിൽ വച്ച് ഗുരുദേവ പൂജയും പ്രാർത്ഥനയും ഉണ്ടാകുമെന്ന് SNDP ഒമാൻ യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *