മസ്കറ്റ് :
കുഞ്ഞുങ്ങളുടെ വേർപാടിൽ ഹൃദയം തകർന്ന് മുദൈബിയിലെ ഗ്രാമം . പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പത്ത് കുരുന്നു ജീവനുകളാണ് മഴ ദുരന്തത്തിൽ പൊലിഞ്ഞു പോയത്. സ്കൂളിൽനിന്ന് അയൽവാസിയായ യൂനുസ് അൽ അബ്ദാലി യുടെ കൂടെ വാഹനത്തിൽ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അൽ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ പത്ത് കുട്ടികളുടെ ജീവനാണ് മുദൈബിയിലെ സമദ്ഷാൻ വാദിയിൽ പൊലിഞ്ഞു പോയത് . 10-15 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. അപകടത്തിൽ രക്ഷപ്പെട്ട കാർ ഓടിച്ചിരുന്ന യൂനിസ് അൽ അബ്ദാലി ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്ന് ഇനിയും വിട്ടു മാറിയിട്ടില്ല. വടക്കൻ ഷർഖിയ ഗവർണറേറ്റിലെ സമദ് അൽ-ഷാനിൽ താഴ്‌വരകൾ നിറഞ്ഞ പ്രദേശത്താണ് അൽ-ഹവാരി സ്‌കൂൾ ഫോർ ബേസിക് എജ്യുക്കേഷൻ സ്ഥിതി ചെയ്യുന്നത്. സ്കൂൾ നിലനിൽക്കുന്ന പ്രദേശത്ത് കനത്ത മഴയായിരുന്നു ഞായറാഴ്ച. സ്‌കൂൾ അധികൃതർ വിഷയം കൈകാര്യം ചെയ്യുകയും കാര്യങ്ങൾ സുസ്ഥിരമാകുന്നതുവരെ അവരുടെ വിദ്യാർത്ഥികളെ സ്‌കൂളിൽ തന്നെ നിർത്താൻ താൽപ്പര്യപ്പെടുകയും ആണ് ചെയ്തത്. അതിനിടെ ഞായറാഴ്ച സ്കൂളിൽ പോയ തന്‍റെ മകൻ മുതാസിനെ മഴ മേഘങ്ങൾ കനക്കുന്നത് കണ്ട് തിരികെ വിളിക്കാൻ പോയ യൂനുസ് അയൽവാസികളായ മറ്റ് 14 കുട്ടികളേയും കൂടെ കൂട്ടി. ഇതിൽ 12പേരും മുതാസിന്‍റെ സഹപാഠികൾ ആണ് . മഴ കൂടുതൽ ശക്തമാകുന്നതിനു മുമ്പേ വീട്ടിൽ എത്തുന്നതിനായി വാദിയിൽ വാഹനം ഇറക്കുകയായിരുന്നു. പ്രളയജലം കുത്തിയൊഴുകി എത്തും മുമ്പേ വാഹനം വാദി കടന്നുപോകുമെന്നായിരുന്നു യൂനുസ് കരുതിയത്. പക്ഷെ യൂന്സിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് കൊണ്ടാണ് ദുരന്തമെത്തിയത്. പാഞ്ഞടുത്ത വാദി പ്രവാഹത്തിൽ അവരുടെ വാഹനം അകപ്പെടുകയും കുട്ടികൾ ഒലിച്ചുപോകുകയുമായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട ഡ്രൈവറെയും ഒരു വിദ്യാർഥിയെയും 600 മീറ്റർ ദൂരത്തുനിന്ന് റോയൽ ഒമാൻ പൊലീസ് വ്യോമസേന ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികളെ നാട്ടുകാർ ആണ് രക്ഷപ്പെടുത്തിയെടുത്തത്. കാണാതായവർക്കായി നടത്തിയ തിരച്ചിലിലാണ് ഒമ്പത് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും പത്താമത്തെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തുന്നത്.