മസ്കറ്റ് :
ഒമാനിൽ വ്യാഴാഴ്ച രാവിലെ മുതൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികൾ മരിച്ചു. ഇബ്രി വിലായത്തിലെ അൽ റയ്ബ ഏരിയയിലാണ് സംഭവം. ജാഗ്രത പാലിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഒമാനിൽ ബുധനാഴ്ച മുതൽ മാർച്ച്
ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തലസ്ഥാന നഗരമായ മസ്കറ്റ് ഉൾപ്പെടെ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. കാറ്റും ഇടിമിന്നലും ആലിപ്പഴവുമായി വിവിധ തീവ്രതയുള്ള മഴ ആണ് പെയ്തത്. കനത്ത മഴ വാദികൾ കവിഞ്ഞൊഴുകാൻ ഇടയാക്കി. സൗത്ത് അൽ ബത്തിന, മസ്കറ്റ്, അൽ ദഖിലിയ, സൗത്ത് അൽ ഷർഖിയ, നോർത്ത് അൽ ശർഖിയ എന്നിവയുൾപ്പെടെ ശക്തമായ കാറ്റുണ്ടായി. മുസന്ന വിലായത്ത്, സുവൈഖ്, ഖബൂറ എന്നിവയുൾപ്പെടെ, വടക്കൻ, തെക്ക് ബാത്തിനയിലെ ചില വിലായത്തുകളിലും ആലിപ്പഴങ്ങളോടൊപ്പം ഇടിമിന്നലും മഴയും ലഭിച്ചു. വിവിധ ഇടങ്ങളിൽ കനത്ത മഴയെ തുടർന്ന് ഗതാഗത തടസ്സവും നേരിട്ടു. റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ ഇറങ്ങിയ വാഹനങ്ങളിൽ വെള്ളം കയറി. നിർത്താതെ പെയ്ത മഴയിൽ മസ്കറ്റിലെ പ്രധാന റോഡുകളിലെല്ലാം വ്യാഴാഴ്ച ഉച്ചയോടെ ഗതാഗതം സ്തംഭിച്ചു. വാദികൾ നിറഞ്ഞൊഴുകുമെന്നും കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിന്റെറെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ 3.5 മീറ്റർ വരെ ഉയർന്നേക്കും. ശക്തമായ മഴയും കാറ്റും നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.