മസ്കറ്റ് : ഒമാൻ ഉൾപ്പെടെ എല്ലാ വിദേശ രാജ്യങ്ങളിലെയും നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ പുനഃ സ്ഥാപിക്കാനുള്ള നാഷണൽ ടെസ്റ്റിംഗ് അതോറിറ്റിയുടെ തീരുമാനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണെന്ന് മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഈ വിഷയത്തിൽ ഒമാനിലേതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പ്രവാസി രക്ഷിതാക്കൾ നടത്തിയ പ്രതിഷേധങ്ങൾ ഫലം കണ്ടു. രക്ഷിതാക്കൾ ഒറ്റക്കെട്ടായി പ്രതികരിച്ചതിന് ഫലമാണ് ഈ തീരുമാനം. കൂടുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരവും ആത്മ വിശ്വാസവും ഈ തീരുമാനത്തിലൂടെ ലഭിക്കും. നിലവിൽ ഒമാനിൽ മസ്കറ്റിൽ മാത്രമാണ് പരീക്ഷ കേന്ദ്രം ഉള്ളത്. സലാലയിൽ ഉള്ള പ്രവാസി വിദ്യാർത്ഥികൾ ആയിരത്തിലധികം കിലോമീറ്റർ താണ്ടി വേണം മസ്കറ്റിൽ എത്തി പരീക്ഷ എഴുതാൻ . വരും വർഷങ്ങളിൽ സലാലയിൽ കൂടി നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും വരും വർഷങ്ങളിലും വിദേശ രാജ്യങ്ങളിൽ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ നിലനിർത്താൻ എൻ ടി എ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.