മസ്‌കത്ത്: ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘മെട്രോപ്പൊളിറ്റന്‍സ് എറണാകുളത്തിന്റെ’ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും റൂവി അല്‍ ഫലാജ് ഗ്രാന്റ് ഹാളില്‍ നടന്നു. സിനിമ താരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയായിരുന്നു. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച മെന്റലിസം ഷോ ‘ട്രിക്‌സ്മാനിയ’ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെയും അമ്പരപ്പിന്റെയും അവിശ്വസനീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു. സുധീര്‍ പറവൂര്‍ സ്വതസിദ്ധമായ പാരഡി ഗാനങ്ങളിലൂടെ കാണികളെ രസിപ്പിച്ചു.
ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ രൂപീകരണത്തിന്റെ കുറിച്ചും പ്രാരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംസാരിച്ചു. പ്രസിഡന്റ് സിദ്ദീക്ക് ഹസ്സന്‍ ‘മെട്രോപൊളിറ്റന്‍സ് എറണാകുളം’ എന്ന സംഘടനയെകുറിച്ചും ലക്ഷ്യങ്ങളെയും തുടര്‍ പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
പ്രവാസ ലോകത്ത് ഇത്തരം കൂട്ടായ്മകളില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ പരസ്പരം സ്‌നേഹവും ധൈര്യവും കൈമാറ്റം ചെയ്യപ്പെടുമെന്നും ഇതുവഴി ഒരുപാട് നന്‍മകള്‍ ചെയ്യാന്‍ നമുക്ക് സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു. മാത്രമല്ല, സമ്മര്‍ദങ്ങളെ തരണം ചെയ്യാനും പ്രലോഭനങ്ങളെ ചെറുക്കാനും സഹോരങ്ങള്‍ക്കൊപ്പമുള്ള സഹവാസം ഗുണം ചെയ്യും. ഒരേ ദേശക്കാരാകുമ്പോള്‍ കൂട്ടായ്മകളെ ഏറെ മധുരമുള്ളതാകുമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഒമാനിലെ ആതുരസേവനരംഗത്ത് ദീര്‍ഘനാളായി സേവനം ചെയ്യുന്ന ഡോ. രഞ്ജി മാത്യു വിശിഷ്ടാതിഥിയായിരുന്നു. സംഘടനയുടെ രക്ഷാധികാരികളായ സുരേഷ് ബി നായര്‍, സി എം സിദാര്‍ എന്നിവരും സദസ്സിനെ അലങ്കരിച്ചു. സെക്രട്ടറി സംഗീത സുരേഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫസല്‍ എടവനക്കാട് എന്നിവരും സംബന്ധിച്ചു. ഹരിശ്രീ അശോകന് സംഘടനയുടെ ഉപഹാരം പ്രസിഡന്റ് സിദ്ദിക്ക് ഹസ്സന്‍ സമ്മാനിച്ചു. ഡോ. രഞ്ജി മാത്യു, പ്രായോജകര്‍, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ വിജയികള്‍ എന്നിവരെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ട്രഷറര്‍ എല്‍ദോ മണ്ണൂര്‍ നന്ദി പ്രകാശനം നടത്തി.