മസ്കറ്റ്||

കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദ്വിദിന ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത് പരസ്പര ബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചു കൊണ്ടായിരുന്നു.  അമീറിന് ഉജജ്വല വരവേൽപായിരുന്നു സുൽത്താനേറ്റിൽ നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയ അമീർ . ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും , ഗൾഫ് സഹകരണ കൗൺസിലും  (ജി.സി.സി) ശക്തിപ്പെടുത്തുന്നതിനും  മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ  ചർച്ച ചെയ്താണ്  മടങ്ങിയത്.  പൊതുതാൽപര്യമുള്ള പ്രധാന വിഷയങ്ങലും , പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങലും പരസ്പരം ചർച്ച ചെയ്തു. കുവൈത്തും ഒമാനും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്‍റെ ഉദ്ഘാടനം സുൽത്താനും അമീറും ചേർന്ന്  പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നിർവഹിച്ചു. . അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലാത്തിൽ ദുകം പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിൽ ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇന്‍റർനാഷനൽ കമ്പനിയും തമ്മിലുള്ള സഹകരണത്തിലാണ് അതി ബൃഹത്തായ പദ്ധതി ഒരുങ്ങിയത്. വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ഒമാന്‍റെ മൊത്തം എണ്ണം ശുദ്ധീകരണ ശേഷി പ്രതിദിനം 500,000 ബാരലായി ഉയർത്താൻ കഴിയും ആധുനിക ഹൈഡ്രോകാർബൺ ക്രഷിങ്, കോക്കിങ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് റിഫൈനറി ഒരുക്കിയിരിക്കുന്നത്.  പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലും പദ്ധതി  ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.  ഒമാന്‍റെ കിഴക്കൻ തീരത്തെ തന്ത്രപ്രധാനമായ സമുദ്രസ്ഥാനം പ്രയോജനപ്പെടുത്തി, ആഗോള വിപണികളിലേക്ക് പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ റിഫൈനറി ഒരു പ്രധാന ചാലകശക്തിയാകും. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് റിഫൈനറി ഉൽപ്പാദിപ്പിക്കുക. ഉദ്ഘാടനത്തിനായെത്തിയ സുൽത്താനേയും അമീറിനെയും പരമ്പരാഗത കലകളോടെയാണ് വരവേറ്റത്. ഇരുനേതാക്കളെയും വരവേറ്റ് റോഡിന്‍റെ ഇരുവശങ്ങളിലും ആളുകൾ തടിച്ചുകൂടിയിരുന്നു. കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് അൽ അതിഖി, ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്‌സി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സുൽത്താനെയും അമീറിനെയും സ്വീകരിച്ചു. ദുകം റിഫൈനറിയുടെ ഉദ്ഘാടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രത്തിന്‍റെ തുടർച്ചയാണെന്ന് ഒമാൻ നിക്ഷേപ അതോറിറ്റി മേധാവി അബ്ദുസ്സലാം അൽ-മുർഷിദി പറഞ്ഞു. റിഫൈനറികളിലും പെട്രോകെമിക്കൽ മേഖലയിലും രണ്ട് അറബ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. ഒമ്പത് ദശലക്ഷം ഡോളർ ചെലവിലാന് റിഫൈനറി സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുകം എയർപോർട്ടിൽ കുവൈറ്റ് അമീറിന്  നൽകിയ യാത്രയയപ്പ് ചടങ്ങിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *