മസ്‌കറ്റ് : ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും ഈ മാസം ഒമ്പത് വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണി മുതല്‍ റൂവി അല്‍ ഫലാജ് ഗ്രാന്റ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമാതാരം ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയായിരിക്കും. മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന മെന്റലിസം ഷോ ‘ട്രിക്‌സ് മാനിയ’, സുധീര്‍ പറവൂര്‍ നയിക്കുന്ന കോമഡി ഷോ തുടങ്ങിയവയും അരങ്ങേറും.
ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം ജില്ലക്കാരായ മുഴുവന്‍ പ്രവാസികളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. പ്രവാസ ലോകത്തും നാട്ടിലും ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂട്ടായ്മ നടത്തും. കൊച്ചി കോര്‍പ്പറേഷന്‍നില് പ്രവാസി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുന്നതിനെ കുറിച്ച് മേയറുമായി ഇതിനോടകം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉടന്‍ തന്നെ ഇതിന്റെ ഔഗ്യോഗിക പ്രഖ്യാപനം മേയര്‍ നേരിട്ട് മസ്‌കത്തിലെത്തി നടത്തും. എറണാകളും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളുമായി സഹകരിച്ച് മെട്രോപൊളീറ്റന്‍സ് എറണാകുളം അംഗങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന ലോഞ്ചിംഗ് പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും. വൈകുന്നേരം ആറ് മുതല്‍ ഗേറ്റ് ഓപ്പണ്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ‘മെട്രോപൊളീറ്റന്‍സ് എറണാകുളം’ പ്രസിഡന്റ് സിദ്ദിക്ക് ഹസ്സന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രശേഖരന്‍, വൈസ് പ്രസിഡന്റ് ഹൈദ്രോസ് പുതുവന, ഐ ടി ഇന്‍ചാര്‍ജ് സെക്രട്ടറി പിമിന്‍ പോളി, കോര്‍ഡിനേറ്റര്‍ ഹാഫിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു