മസ്കറ്റ്: ഒമാനിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കി വനിതാവിഭാഗത്തിൽ ഇന്ത്യ ഫൈനലിലെത്തി . ഇന്ന് രാത്രി അമിറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയെ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ഇന്ത്യയുടെ വനിതാ രത്നങ്ങൾ തോൽപ്പിച്ചത് . നാളെ രാത്രി എട്ട് മണിക്ക് അമിറാത്തിൽ നടക്കുന്ന ഫൈനലിൽ നെതർലൻഡ്സ് ആണ് ഇന്ത്യയുടെ എതിരാളി . കളിയുടെ ആദ്യ പകുതിയിൽ സൗത്ത് ആഫ്രിക്കയാണ് ആധിപത്യം പുലർത്തിയത് രണ്ടു വട്ടം അവർ ലീഡ് നേടുകയും ചെയ്തു , എന്നാൽ രണ്ടു വട്ടവും ഇന്ത്യ ശക്തമായി തിരിച്ചു വരികയും , ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയും ചെയ്തു.രണ്ടാം പകുതിയിൽ ദക്ഷിണ ആഫ്രിക്കക്കെതിരെ ആഞ്ഞടിക്കുന്ന ഇന്ത്യയെ ആണ് കണ്ടത് .ഒന്നിന് പുറകെ ഒന്നായി നാല് ഗോളുകൾ ഇന്ത്യൻ വനിതകൾ അടിച്ചതോടെ സൗത്ത് ആഫ്രിക്ക പിന്നിലായി . അവസാന നിമിഷം ഒരു ഗോൾ കൂടി സൗത്ത് ആഫ്രിക്കൻ ടീം നേഡിയെങ്കിക്കും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു . ഇന്ത്യയുടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനമായ ഇന്ന് അമിറാത്തിലെ സ്റ്റേഡിയത്തിലേക്ക് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉൾപ്പടെ ഇന്ത്യൻ എംബസ്സിയിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാൻ ബാബു രാജേന്ദ്രൻ ഉൾപ്പടെയുള്ള ഭാരവാഹികളും അതിനു പുറമെ നൂറുകണക്കിന് ഇന്ത്യക്കാരും കളികാണാൻ എത്തിയിരുന്നു .ഇന്ത്യൻ വനിതകളുടെ ഓരോ നീക്കത്തിനും ഉറച്ച പിന്തുണയാണ് ഗാലറി നൽകിയത് . നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യൻ വനിതകൾ കിരീടം ചൂടുമെന്ന് ഉറപ്പാണെന്നും ആരാധകർ പറഞ്ഞു