മസ്കത്ത്‌ : മുസ്ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗവും, വിദ്യഭ്യാസപ്രവർത്തകനും വയനാട്‌ മുസ്ലിം യതീംഖാനയുടെ കാര്യദർശ്ശിയുമായ എം.എ മുഹമ്മദ്‌ ജമാലിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ്‌ പ്രവാസ ലോകവും. 1948ൽ സ്ഥാപിതമായ വയനാട്‌ മുസ്ലിം യതീംഖാന ജനകീയവൽക്കരിച്ചതിൽ‌ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു മുഹമ്മദ്‌ ജമാൽ.

പിന്നോക്ക ജില്ലയായിരുന്ന വയനാട്‌ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും ഓർഫനേജിന്‌ കീഴിൽ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്‌. വയനാട്‌ ജില്ലയിൽ വിദ്യഭ്യാസ വിപ്ലവത്തിന്‌ നേതൃത്വം കൊടുത്ത വിദ്യഭ്യാസ പ്രവർത്തകനായിരുന്നു എം.എ മുഹമ്മദ്‌ ജമാൽ. ദീർഘകാലം വയനാട്‌ ജില്ലയിലെ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനും, നിലവിൽ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ്‌ പ്രസിഡണ്ടുമായിരുന്നു.

അശരണർക്ക്‌ ആശ്രയവും ആരുമില്ലാത്ത യതീമുകൾക്ക്‌ തണലായും ഒരു മഹാവൃക്ഷം കണക്കെ വളർന്ന വയനാട്‌ മുസ്ലിം ഓർഫനേജ്‌ നാനാജാതി മതസ്ഥരിൽ നിന്നുമുള്ള യുവതീയുവാക്കൾക്ക്‌ മംഗല്യമൊരുക്കുന്ന പദ്ധതി ആവിഷ്കരിച്ചതും ഏറെ ജനകീയമായിരുന്നു. രണ്ട്‌ സയൻസ്‌ കോളേജുകളും, ആർട്സ്‌ കോളേജുകളും ഹൈസ്കൂളുകളും, ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളും, ഖുർആൻ, അറബിക്‌ കോളേജുകളുമായി വയനാട്‌ ജില്ലയുടെ മുഖച്ഛായ മാറ്റിയത്‌ ഡബ്ല്യു. എം.ഓ ആണ്‌.

മുസഫറാബാദ്‌ ഉൾപ്പെടെയുള്ള ഇന്ത്യയുടെ പലഭാഗങ്ങളിലും നിന്നുമുള്ള അനാഥബാല്യങ്ങളെ അനാഥത്വത്തിന്റെ നിറം നൽകാതെ വളർത്തിയ ജമാൽ സാഹിബ്‌ ജമാൽ ഉപ്പ എന്ന് വിളിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ കാഴ്ചപ്പാടുകളായിരുന്നു.

ഒമാനിലെ പ്രവാസികളുമായി ഉറ്റബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു എം.എം മുഹമ്മദ്‌ ജമാൽ എന്നതു കൊണ്ട്‌ തന്നെ കഴിഞ്ഞ ദിവസം റുവിയിൽ മസ്കത്ത്‌ കെ.എം.സി.സിയും ഡബ്ല്യു. എം.ഒ വെൽഫെയർ കമ്മറ്റിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ നിരവധി ആളുകളാണ്‌ പങ്കെടുത്തത്‌. വിവിധ സംഘടനാ പ്രധിനിതികൾ ജമാൽ സാഹിബിനെ അനുസ്മരിച്ചു സംസാരിച്ചു. അദ്ദേഹവുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചവരിൽ പലരും വാക്കുകൾ കിട്ടാതെ പ്രഭാഷണം അവസാനിപ്പിച്ചു.

റുവി ഹാഫാഹൗസ്‌ ഹോട്ടലിൽ നടന്ന സംഗമം മസ്കത്ത്‌ കെ എം സി സി ട്രഷറർ പി.ടി.കെ ഷമീർ നിയന്ത്രിച്ചു. കേന്ദ്ര കമ്മറ്റി ആക്ടിംഗ്‌ സെക്രട്ടറി അഷ്രഫ്‌ കിണവക്കൽ, ഒ ഐ സി സി സീനിയർ നേതാവ്‌ സിദ്ധീഖ്‌ ഹസ്സൻ, അഷ്രഫ്‌ കേളോത്ത്‌(ഡബ്ല്യു. എം.ഒ) ഫസലു കതിരൂർ(കെ.ഇ.എ) അബ്ദുൽ അസീസ്‌ വയനാട്‌(വെൽഫെയർ പാർട്ടി) അൻവർ ഹാജി( മസ്കത്ത്‌ സുന്നി സെന്റർ) നൗഷാദ്‌ (വിസ്ഡം) മുഹമ്മദ്‌ വാണിമേൽ, റിയാസ്‌ വയനാട്‌, ലുക്‌മാനുൽ ഹക്കീം പാലക്കാട്‌, മുഹമ്മദ്‌ ഷാ കൊല്ലം, സെയ്ദാലിക്കുട്ടി, റഫീഖ്‌ ശ്രീകണ്ഠാപുരം, സാദിഖ്‌ മത്ര, അബ്ദുൽ അസീസ്‌ സഹം തുടങ്ങിയവർ സംസാരിച്ചു. ഹാഷിം ഫൈസി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *