ഒമാനിലെ കൃഷി നാശം നടത്തുന്ന വെട്ടുകിളികൾ അഥവാ ജെറാദിനെ നശിപ്പിക്കാൻ ശക്തമായ നടപടിയുമായി കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം. 2000 ഹെക്ടർ സ്ഥലത്താണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള കാമ്പയിൻ നടക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ശർഖിയ ഗവര്ണറേറ്റിലെ വിവിധ കാർഷിക മേഖലയിലാണ് വെട്ടുകിളികളുടെ ശല്യമുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് വെട്ടുകിളികൾ യാത്ര പുറപ്പെടുന്നത്. ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള യാത്രാമധ്യേ ഒമാനിലൂടെയാണ് വെട്ടുകിളിക്കൂട്ടങ്ങൾ യാത്ര ചെയ്യുന്നത്. ജെറാദുകൾ പെറ്റുപെരുകാൻ സാധ്യതയുള്ള 181 സോണുകളാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ പ്രധാന പെറ്റുപെരുകൽ കേന്ദ്രം സൗദിയുടെയും യമന്റെയും ഒമാന്റെയും അതിർത്തിയിൽ കിടക്കുന്ന എംപ്റ്റി കാർട്ടർ മരുഭൂമി പ്രദേശമാണ്. ഈ പ്രദേശങ്ങൾ ഉൾപ്പെടെ 181 ഓളം സോണുകൾ കേന്ദ്രീകരിച്ചാണ് വെട്ടുകിളികളെ നശിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ലമഴ ലഭിച്ചിരുന്നു. മഴ മൂലം ധാരാളം പച്ചപുല്ലുകൾ കിളിർത്തതാണ് വെട്ടുകിളികൾക്ക് പെറ്റുപെരുകാൻ അനുകൂല കാലാവസ്ഥ ഒമാനിൽ ഒരുക്കിയതെന്നും അധികൃതർ പറയുന്നു. ഇത് പല ഗവർണറേറ്റുകളിലും വെട്ടുകിളികളുടെ എണ്ണം വർധിപ്പിക്കും. ജെറാദുകൾ എന്നറിയപ്പെടുന്ന വെട്ടുകിളികൾ അറബികളുടെ ഇഷ്ട ഭഷണം കൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *