ഇൻഡ്യാ മുന്നണി ഹിന്ദുക്കൾക്കെതിരാണ് എന്നൊരു പ്രതീതി വരുത്താനാണ് രാജ്യത്തെ ബിജെപി ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എഴുത്തുകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ പറഞ്ഞു. ഭൂരിപക്ഷത്തിനെതിരായ ഒരു മുന്നണി രാജ്യത്തു വരാൻ പോകുകയാണെന്ന് ഒരു പ്രതീതി സൃഷ്ടിക്കുകയും അതുവഴി ഭൂരിപക്ഷ വോട്ടുബാങ്ക് ഉറപ്പിക്കാനുമാണ് ബി ജേപ്പി യുടെ ശ്രമം. മതേതര ജനാധിപത്യ കക്ഷികളാണ് ഇൻഡ്യാമുന്നണിയുടെ പിന്നിലുള്ളതെന്നും അതുകൊണ്ട് തന്നെ അതൊരു പ്രതീക്ഷയുടെ മുന്നണിയാണെന്നും ശരീഫ് സാഗർ മസ്കറ്റിൽ ഇൻസൈഡ് ഒമാനോട് പറഞ്ഞു. തിരസ്കാരത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന സംഘപരിവാറിന് എതിരെ സ്വീകാര്യതയുടെയും ഉൾക്കൊള്ളലിന്റെയും രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ഒരു മതേതര പരിവാരം ഇൻഡ്യാ രാജ്യത്തുണ്ടാകുകയാണ് . രാജ്യത്തിന്റെ വികസനത്തിനും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും അത് അനിവാര്യവുമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡ്യാ മുന്നണിയുടെ പേരിനെ പോലും സംഘ പരിവാർ ഭയക്കുകയാണ്. അതുകൊണ്ടാണ് രാജ്യത്തിൻറെ പേര് ഇൻഡ്യാ എന്നതിൽ നിന്നും ഭാരതം എന്നാക്കി മാറ്റാൻ ബി ജെ പി ശ്രമിക്കുന്നത്. യഥാർത്ഥത്തിലുള്ള മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യമാണ് ഇൻഡ്യാ മുന്നണിക്കുള്ളത്. അതുകൊണ്ട് തന്നെ അതൊരു പ്രതീക്ഷയുടെ മുന്നണിയാണെന്നും ശരീഫ് സാഗർ പറഞ്ഞു. കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും മദ്രാസ് അസ്സംബ്ലിയിലും അംഗമായിരുന്ന, കേരളത്തിന്റെ സ്പീക്കർ ആയിരുന്ന കെ എം സീതി സാഹിബിന്റെ പിതാവിന്റെ ചരിത്രം മുതൽ സീതി സാഹിബിന്റെ മരണം വരെയുള്ള ചരിത്രമാണ് താൻ എഴുതിയ ” ഷേറേ കേരളാ കെ എം സീതി സാഹിബ് ” എന്ന് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സീതിസാഹിബ് നടന്ന വഴികളിലൂടെ വൈകാരികമായി നടക്കലാണ് ഈ കൃതിയുടെ ലക്ഷ്യമെന്നും ശരീഫ് സാഗർ പറഞ്ഞു. കെ എം സീതി സാഹിബിന്റെ ജീവചരിത്രമായ ” ഷേറേ കേരളാ കെ എം സീതി സാഹിബ് മൂന്നാം പതിപ്പ് സെപ്റ്റംബർ പതിമൂന്നിന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വച്ച് അബ്ദുസ്സമദ് സമദാനി എം പി പ്രകാശനം നിർവഹിച്ചിരുന്നു. ഇതിന്റെ കോപ്പി മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദിനും ശരീഫ് സാഗർ കൈമാറി. നേരത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ചാണ് പുസ്തകത്തിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തത്. തൊട്ടടുത്ത തന്നെ രണ്ടാം പതിപ്പും പുറത്തിറക്കിയിരുന്നു. അതിനു പിന്നാലെയാണ് കഴിഞ്ഞ ബുധനാഴ്ച മൂന്നാം പതിപ്പും പുറത്തിറക്കിയത്. ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനും ലഭിച്ച വമ്പിച്ച സ്വീകാര്യതയാണ് മൂന്നാം പതിപ്പ് ഇറക്കാൻ പ്രചോദനമായതെന്ന് ശരീഫ് സാഗർ ഇൻസൈഡ് ഒമാനോട് പറഞ്ഞു.