മസ്കറ്റ് : ഒമാനിലെ മലയാളി സമൂഹം ഓണം ആഘോഷിക്കാനൊരുങ്ങുന്നു. നാട്ടിലെ ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി മാസങ്ങൾ നീണ്ടുനിൽക്കുന്ന ഓണാഘോഷമാണ് പ്രവാസ ലോകത്തുള്ളത്. ഓണത്തെ വരവേൽക്കാൻ ഒമാനിലെ മലയാളി സമൂഹം ഒരുങ്ങി. ഫ്ലാറ്റിനുമുന്പിൽ പൂക്കളം ഒരുക്കിയും സദ്യയും പായസവുമൊരുക്കിയും ദേശീയ ഉത്സവത്തെ വരവേൽക്കാൻ മറുനാട്ടിലും മലയാളിക്ക് പ്രത്യേക ഉത്സാഹമാണ്. വിവിധ പ്രവാസി സംഘടനകളും കുടുംബ കൂട്ടായ്മകളും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചൊവ്വാഴ്ചയാണ് തിരുവോണമെങ്കിലും അന്ന് പ്രവർത്തി ദിവസമായതിനാൽ പലരും വാരാന്ത്യ അവധി ദിവസങ്ങളിൽ ഓണം ആഘോഷിച്ചു. ഇനിയങ്ങോട്ടുള്ള വാരാന്ത്യങ്ങളെല്ലാം സദ്യയുടെ മണവും പായസത്തിന്റെ മധുരവുമുള്ളതാണ് ഒമാനിലെ മലയാളികൾക്ക്. ഓണം പ്രമാണിച്ചു സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ ഒമാനിലെ സൂപ്പർ മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുടുംബമായി താമസിക്കുന്നവർ പലരും സ്വന്തമായി വീട്ടിൽ സദ്യ ഉണ്ടാക്കുന്നവരാണ്. ഒമാനിലെ പല കമ്പനികളും മലയാളി ജീവനക്കാർക്ക് ഓണത്തിന് അവധി നൽകാറുണ്ട്. എന്നാൽ ഓണത്തിന് അവധി ലഭിക്കാൻ ബുദ്ധിമുട്ടുള്ള തൊഴിലാളികളുമുണ്ട്. വീട്ടിൽ സദ്യയുണ്ടാക്കാൻ സാധിക്കാത്തവർക്കായി സൂപ്പർ മാർക്കറ്റുകളും റെസ്റ്റോറന്റുകളും റെഡി മൈഡ് ഓണ സദ്യകൾ ഒരുക്കിയിട്ടുണ്ട്. രണ്ട് റിയാൽ മുതൽ അഞ്ചര റിയാൽ വരെയാണ് സദ്യക്ക് വിവിധ റെസ്റ്റോറന്റുകളിലും സൂപ്പർ മാർക്കറ്റുകളിലും നിരക്ക്. ഒമാനിലെ പാലക്കാടൻ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്ന് രണ്ട് തീയതികളിൽ നടക്കും. സംവിധായകൻ ലാൽ ജോസ് പ്രസിദ്ധ കലാകാരി മേതിൽ ദേവിക എന്നിവർ സംബന്ധിക്കും. ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ സങ്കഹ്‌ദിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ചയാകും നടക്കുക. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളം വിഭാഗം ഓണാഘോഷം സെപ്റ്റംബർ എട്ടിന് നടക്കും. വിവിധ കലാ പരിപാടികളും സ്വാദിഷ്ടമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കും. ഒമാനിലെ നായർ സർവീസ് കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ പതിനഞ്ച പതിനാറ് തീയതികളിലാകും നടക്കുക. സിനിമാതാരം സൈജു കുറുപ്പാണ് മുഖ്യ അതിഥി. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഓണാഘോഷം സെപ്റ്റംബർ ഇരുപത്തിരണ്ട് ഇരുപത്തി മൂന്ന് തീയതികളിൽ നടക്കും. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് പരിപാടികളിൽ സംബന്ധിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഓണാഘോഷം ഒക്ടോബർ ആദ്യവാരമാകും നടക്കുക, ധ്വനി, സർഗ്ഗ , കൈരളി തുടങ്ങിയ വിവിധ സംഘടനകൾക്ക് പുറമെ വിവിധ സ്വകാര്യ സ്ഥാപങ്ങളും, സുഹൃത്തുക്കളുടെ കൂട്ടവുമൊക്കെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബറിൽ ആരംഭിക്കുന്ന ഓണാഘോഷം പുതുവത്സരം വരെ നീണ്ടുനിൽക്കാരാണ് പതിവ്.