മസ്കറ്റ് : ഭാരതത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം ഒമാനിലെ ഇന്ത്യൻ സമൂഹവും വർണ്ണാഭമായി ആഘോഷിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ രാഷ്ട്രപതിക്കും ഇന്ത്യൻ ജനതക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്നു. രാഷ്ട്രപതിക്ക് ആയുരാരോഗ്യ സൗഖ്യവും ഇന്ത്യൻ ജനതക്ക് പുരോഗതിയും സന്തോഷവും ഉണ്ടാകട്ടേയെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച ആശംസാ സന്ദേശത്തിൽ ഒമാൻ സുൽത്താൻ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തി .രാവിലെ ഏഴുമണിക്കാണ് പതാക ഉയർത്തിയത് . തുടർന്ന് ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസിഡർ വായിച്ചു. ഇന്ത്യൻ സ്കൂൾ സീബ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ദേശീയ ഗാനവും ദേശ ഭക്തി ഗാനവും ആലപിച്ചു.
ഒമാനിൽ താമസിക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാരാണ് ആഘോഷ പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.
ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു വിപുലമായ ആഘോഷ പരിപാടികൾ നടന്നു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം, അഹമ്മദ് റഹീസ് , സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ , രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഓഗസ്റ് പതിനെട്ട് വെള്ളിയാഴ്ചയാണ് നടത്തപ്പെടുന്നത്.
ഒമാനിലെ വിവിധ സാംസ്കാരിക സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ നടന്നു.