ഭാരതത്തിന്റെ എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒമാനിലെ ഇന്ത്യൻ സമൂഹവും ഒരുങ്ങി. ആഘോഷങ്ങളുടെ ഭാഗമായി മസ്കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ദേശീയ പതാക ഉയർത്തും. ഓഗസ്ത് പതിനഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് പതാക ഉയർത്തൽ. തുടർന്ന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസിഡർ വായിക്കും. അതിനു ശേഷം ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ദേശ ഭക്തി ഗാനം ആലപിക്കും.
ഒമാനിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കരെയും ചടങ്ങിന് ക്ഷണിക്കുന്നതായി എംബസ്സി അറിയിച്ചു. രാവിലെ ആറു നാൽപ്പത്തി അഞ്ചിന് മുമ്പായി പങ്കെടുക്കുന്നവർ എംബസ്സി അങ്കണത്തിൽ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.
ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു ആഘോഷ പരിപാടികൾ നടക്കും. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ രാവിലെ എട്ടരമുതൽ ആഘോഷ പരിപാടികൾ നടക്കും. പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം, എംബസ്സി ഉദ്യോഗസ്ഥർ, സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ , രക്ഷകർത്താക്കൾ എന്നിവർ പങ്കെടുമെന്ന് സ്കൂൾ ബോർഡ് അധികൃതർ വ്യക്തമാക്കി. പരിപാടികൾ പത്ത് മണിയോടുകൂടി അവസാനിക്കും. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്റെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഓഗസ്റ് പതിനെട്ട് വെള്ളിയാഴ്ചയാണ് നടത്തപ്പെടുന്നത്.
സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു നാളെ രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾക്കും എംബസിക്കും അവധി ആയിരിക്കുമെന്ന് ഇന്ത്യൻ സ്കൂളുകളുടെ ബന്ധപ്പെട്ട വൃത്തങ്ങളും എംബസ്സി വൃത്തങ്ങളും അറിയിച്ചു.
