മസ്കറ്റ് : ഒമാനിൽ രാജ്യത്തെ നിയമങ്ങളോ രാജകീയ ഉത്തരവോ അനുവദിക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 15,000 റിയാൽവരെ പിഴ ചുമത്തുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള രഹസ്യ വ്യാപാരത്തെ ചെറുക്കുന്നതിന് വേണ്ടി മന്ത്രാലയം മന്ത്രിതല പ്രമേയം (നമ്പർ 412/20230) കഴിഞ്ഞ ദിവസം പുറപ്പെടുവിചിരുന്നു.

ഇത്തരം നിയമ ലംഘനങ്ങൾക്ക് ആദ്യം 5,000 റിയാൽ അഡ്മിനിസ്ട്രേറ്റിവ് പിഴ ചുമത്തും. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും (10,000 റിയാൽ) മൂന്ന് മാസത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനം സസ്‌പെന്‍ടു ചെയ്യുകയും ചെയ്യും.

മൂന്നാം തവണയും കുറ്റം ആവർത്തിക്കുന്നവർക്ക് 15,000 റിയൽ പിഴക്കു പുറമെ വാണിജ്യ രജിസ്റ്ററേഷൻ നീക്കം ചെയ്യുകയും ചെയ്യും. പിന്നീട് ഒരു വര്‍ഷത്തിനു ശേഷമല്ലാതെ വീണ്ടും രജിസ്റ്റര്‍ ചെയ്യാനാകില്ല.
കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം സമ്പ്രദായം നിർത്താൻ പൗരന്മാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽവരും.

രാജ്യത്തെ നിയമങ്ങളോ രാജകീയ ഉത്തരവോ അനുവദിക്കാത്ത വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെയാണ് ‘രഹസ്യ വ്യാപാരം’ എന്ന് പറയുന്നത്. ഇത് സ്വന്തം നിലക്കോ മറ്റുള്ളവരുമായി ചേർന്ന് നടത്തിയാലും ശിക്ഷാർഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *