ഒമാനിലെ പ്രവാസി മലയാളികൾക്ക് നിയമ സഹായങ്ങൾ തുടരുന്നതിന് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിച്ച് നോർക്ക റൂട്ട്‌സ്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങൾ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.
തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ നിയമക്കുരുക്കിലോ വിദേശ ജയിലുകളിലോ അകപ്പെടുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് ഇതുവഴി സൗജന്യ നിയമസഹായം ലഭിക്കും.
അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം. ഒമാനിലെ പ്രാദേശിക ഭാഷയായ അറബി കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയുമായിരിക്കണം. അഡ്വക്കറ്റായ കുറഞ്ഞത് രണ്ട് വർഷവും വിദേശത്ത് ഏഴ് വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ഒമാനിൽ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവിൽ ഇവിടെ നിയമസഹായ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും ആകണം.
പ്രവാസി നിയമ സഹായ സെല്ലിലേയ്ക്ക് ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം നിർദ്ദിഷ്ട അപേക്ഷ ഫാറത്തിൽ നോർക്ക റൂട്ട്‌സിന് പോസ്റ്റൽ മാർഗ്ഗം മുഖേനയോ ഇമെയിൽ വിലാസം മുഖേനയോ അയക്കേണ്ടതാണ്. കൂടാതെ അറബി ഭാഷയിലുള്ള രേഖകളുടെ തർജ്ജമകളും സമർപ്പിക്കേണ്ടതാണ്.
പ്രവാസി നിയമ സഹായ സെല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

പൂരിപ്പിച്ച അപേക്ഷകൾ
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്,
മൂന്നാം നില,
നോർക്ക സെന്റർ,
തൈക്കാട്, തിരുവനന്തപുരം 695 014
എന്ന മേൽ വിലാസത്തിലോ, esection.norka@kerala.gov.in. എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 (ഇന്ത്യയ്ക്കകത്തു നിന്നും) (+918802012345 (വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സർവ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

എന്താണ് നോർക്ക നിയമ സഹായ സെൽ
കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നൽകുന്ന പദ്ധതിയാണ് നോർക്കയുടെ പ്രവാസി നിയമസഹായ പദ്ധതി. ഒമാനിലും ഇതുവഴി പ്രവാസികൾക്ക് സേവനം ലഭ്യമാക്കിവരുന്നുണ്ട്. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ ഇതിനോടകം സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നിയമസഹായം ലഭിക്കാതെ നിസാര കേസുകളിൽ അകപ്പെട്ട് പ്രവാസി മലയാളികൾ ജയിലുകളിൽ കഴിയുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പ്രവാസി നിയസഹായ സെൽ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കേസുകളിൻമേൽ നിയമോപദേശം, നഷ്ടപരിഹാരം/ ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടുന്ന മലയാളികൾക്ക് നിയമസഹായത്തിനായുള്ള സഹായം നൽകുക തുടങ്ങിയവയെല്ലാം പ്രവാസി നിയമസഹായസെൽ വഴി ലഭ്യമാണ്.
തന്റെതല്ലാത്ത കാരണങ്ങളാൽ വിദേശരാജ്യത്ത് നിയമ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസി മലയാളികൾക്കാണ് പദ്ധതി വഴി സേവനം ലഭിക്കുക. വിദേശത്ത് തൊഴിൽ/വിസിറ്റ് വിസയിൽ പോയിട്ടുളള കുറഞ്ഞത് ഒരു വർഷമെങ്കിലും വിദേശത്ത് കഴിഞ്ഞിട്ടുളളവർക്കുമാണ് നിയമസഹായത്തിനായി അപേക്ഷിക്കാൻ കഴിയുക. വിദേശ രാജ്യങ്ങളിലെ കോടതികൾ വിധിക്കുന്ന ‘ദിയ മണി’, കണ്ടുകെട്ടൽ, സാമ്പത്തിക ബാദ്ധ്യതകൾ, റിക്കവറി തുടങ്ങിയവയ്ക്ക് ഈ സഹായം ലഭ്യമായിരിക്കുകയില്ല.

Inside Oman*
പ്രവാസി വാർത്തകളും ജോലി ഒഴിവുകളും വാട്സാപ്പിൽ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KXY1P9EmWHE2H8BkdleIJw
_*Follow Us & Subscribe*_
*Web Site*
www.inside-oman.com
*YouTube*
https://youtube.com/@INSIDEOMAN
*Facebook*
https://www.facebook.com/insideomanio
*Instagram*
https://instagram.com/insideomanblog
*Threads*
https://www.threads.net/@insideomanblog