മസ്കറ്റിലെ വേനൽ ചൂടിൽ കുളിർ മഴയായി പെയ്തിറങ്ങിയ തുമ്പികൾ കൂടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി
ജൂലായ് 14, 15, 20 & 21 തീയതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടത്തിയ വേനൽ തുമ്പികൾ ക്യാമ്പ് സമാപിച്ചു.
ഈ വർഷത്തെ ക്യാമ്പിൽ നാല് ദിവസങ്ങളിലായി 170 ലേറെ കുട്ടികളാണ് പങ്കെടുത്തത്. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ സുനിൽ കുന്നരുവായിരുന്നു ക്യാമ്പ് ഡയരക്ടർ.
കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വായന – എഴുത്ത് – ചിത്രരചന – നാടകം – സംഗീതം – സിനിമ തുടങ്ങിയ എല്ലാ മേഖലയിലും കുട്ടികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും പരിശീലനവുമാണ് ക്യാമ്പിൽ നൽകിയത്.
“ഓരോ ദിവസത്തെ ക്യാമ്പ് കഴിയുമ്പോളും കുട്ടികൾ വളരെ ആവേശത്തോടെയാണ് അടുത്ത ദിവസം ക്യാമ്പിൽ വന്നിരുന്നത് . ഇനിയും കൂടുതൽ ദിവസം ക്യാമ്പ് വേണമായിരുന്നു എന്ന് രക്ഷിതാക്കളും കുട്ടികളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.” ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രതികരണങ്ങൾ കൂടുതൽ ആവേശത്തോടെ കുട്ടികൾക്കായി പുതിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഊർജ്ജം നൽകുന്നതാണ് എന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സമാപന ദിവസമായ ജൂലൈ 21 ന് വൈകുന്നേരം 4 മണിക്ക് കൺവീനർ ശ്രീ സന്തോഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ ബാലവിഭാഗം ജോയിൻ സെക്രടറി ശ്രീ റിയാസ് സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയറക്റ്റർ ശ്രീ സുനിൽ കുന്നരു കുട്ടികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു. മികച്ച കഴിവുകളുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അവരുടെ കഴിവുകൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കുവാൻ രക്ഷിതാക്കൾ ഇതു പോലുള്ള ക്യാമ്പുകൾ ഉപയോഗിക്കുകയും വീടുകളിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന് സുനിൽ മാസ്റ്റർ ആവശ്യപ്പെട്ടു. വേനൽ തുമ്പികൾ ക്യാമ്പിൽ നിന്നും സ്വായത്തമാക്കിയ അറിവുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ നിർമ്മിച്ച ഹ്രസ്വചിത്ര പ്രദർശനം, ചുമർപത്രം, കഥാപ്രദർശനം, വിവിധ കലാപരിപാടികൾ, എന്നിവ അരങ്ങേറി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും കമ്മിറ്റി അംഗങ്ങളും വളണ്ടിയർമാരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കോ കൺവീനർ ശ്രീ കെ വി വിജയൻ നന്ദി പറഞ്ഞു.