മസ്കറ്റ് : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒമാൻ പൊതു സമൂഹത്തിലെ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന സമ്മേളനത്തിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ജനങ്ങളും പ്രവർത്തകരും ഒഴുകിയെത്തി.
ഒരു പൊതുപ്രവർത്തകന് എങ്ങിനെ ജനങ്ങളുടെ രക്ഷകനാകാൻ കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച, പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് അനുസ്മരണസമ്മേളനത്തിന് അധ്യക്ഷത വഹിച്ചുകൊണ്ട് ഒഐസിസി ഒമാൻ ദേശീയ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.
രാഷ്ട്രീയത്തിൽ മാനവികതയ്ക്കും കാരുണ്യത്തിനും സ്ഥാനം നൽകിയ അതുല്യനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക റൂവി വികാരി റെവറന്റ് ഫാ. വർഗ്ഗീസ് റ്റിജു ഐപ്പ് അനുസ്മരിച്ചു.
ജനമനസ്സ് തൊട്ടറിഞ്ഞ നേതാവായിരുന്ന ഉമ്മൻ ചാണ്ടി ഏതൊരു സാധാരണക്കാരനും ഏതുസമയത്തും സമീപിക്കാവുന്ന തരത്തിൽ എന്നും സമീപസ്ഥനായിരുന്നു. നിരവധി കാരുണ്യ പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹം പാവങ്ങളുടെയും രോഗികളുടെയും കണ്ണീരൊപ്പാൻ തന്റെ സകല അധികാരങ്ങളും എല്ലാക്കാലവും ഉപയോഗിച്ചിരുന്നു എന്നും അദ്ദേഹത്തെ സ്മരിച്ച വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും ഒന്നായിക്കണ്ട, ജനാധിപത്യത്തിൽ ജനങ്ങളുടെ സ്ഥാനം എന്താണെന്ന് ബോധ്യപ്പെടുത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ഒരു നേതാവിന് അന്ത്യയാത്രാമൊഴി നൽകാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആബാലവൃദ്ധം ജനങ്ങൾ വിലാപയാത്ര കടന്നു പോയ വഴികളിലെല്ലാം മണിക്കൂറുകൾ കാത്തുനിന്നത് തന്നെയാണ് ഉമ്മൻ ചാണ്ടിയെ ജനങ്ങൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലെന്നും ഒഐസിസി യുടെ ദേശീയ, റീജിയണൽ കമ്മിറ്റി നേതാക്കൾ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
റഹീം (കെ എം സി സി ), ഡോ. ജെ രത്‌ന കുമാർ (ഐ ഒ സി ), സുകുമാരൻ നായർ ( എൻ എസ് എസ് ), രാജേഷ് (എസ് എൻ ഡി പി ), റെജി ( കൈരളി ), ജയൻ (മൈത്രി ), പന്തളം ശ്രീകുമാർ (ബി ജെ പി ), അനിൽ ( ഇന്ത്യൻ സോഷ്യൽ ക്ലബ് – മലയാളം വിംഗ് ), ബിജു നാലുന്നാക്കൽ ( കോട്ടയം അസോസിയേഷൻ ), ബദർ അൽ സൗദ് ബലൂഷി, ടി.ഭാര്കരൻ, അഡ്വ. എബ്രഹാം മാത്യു, സീനിയർ കോൺഗ്രസ്സ് നേതാവ് എൻ ഒ ഉമ്മൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒഐസിസി ദേശീയ കമ്മിറ്റി നേതാക്കളായ റെജി കെ തോമസ്, മാത്യു മെഴുവേലി, നിയാസ് ചെണ്ടയാട്, സമീർ ആനക്കയം, അഡ്വ. എം കെ പ്രസാദ്, സന്തോഷ് പള്ളിക്കൻ, റിസ്‌വിൻ ഹനീഫ്, ബീന രാധാകൃഷ്ണൻ, മറിയാമ്മ തോമസ്, റെജി പുനലൂർ, വി എം അബ്ദുൾ കരീം, അനൂപ് നാരായൺ, വിജയൻ തൃശ്ശൂർ, സിറാജ് നാറൂൺ, ഇ വി പ്രദീപ്, വിവിധ റീജിയണൽ, ഏരിയ കമ്മിറ്റി നേതാക്കളായ അജോ കട്ടപ്പന, ഹരിലാൽ കൊല്ലം, പ്രിയ ഹരിലാൽ, ആന്റണി കണ്ണൂർ, മനാഫ് കോഴിക്കോട്, ഷിഫാൻ മുഹമ്മദ്, ചാക്കോ റാന്നി, സൈജു തിരുവല്ല, ഗോപി തൃശ്ശൂർ, വിമൽ പരവൂർ, അജ്മൽ കരുനാഗപ്പള്ളി, അബ്ദുൾ സത്താർ, ജലാലുദ്ധീൻ, ജാഫർ കൊല്ലം, ഷൈനു മനക്കര, റിലിൻ മാത്യു, കിഫിൽ ഇക്ബാൽ, ദിനേശ് ബഹല, കെ ഷാനവാസ്, ലത്തീഫ്, രാജീവ് കണ്ണൂർ തുടങ്ങി നിരവധി ഒഐസിസി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി കൃതജ്ഞതയും പറഞ്ഞു.

