കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുമ്പോൾ പ്രവാസികൾക്കെന്ന വ്യാജേന നടത്തുന്ന സാമ്പത്തിക ധൂർത്തിനെതിരെ ഒഐസിസി ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ്. ലോക കേരള സഭ, പ്രവാസികളുടെ പേരുപറഞ്ഞ് കുറച്ചുപേർക്ക് ലോകം ചുറ്റാനും ധൂർത്ത് നടത്താനുമുള്ള സംവിധാനം മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒഐസിസി പോലുള്ള സംഘടനകൾ വിവിധ രാജ്യങ്ങളിൽ പ്രവാസികൾക്കായി ചെയ്യുന്നത്രയും സഹായ സേവനങ്ങൾ പോലും സർക്കാരോ ലോക കേരള സഭായോ ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു. എസ്. മേഖലാ സമ്മേളനത്തിന്റെ ചെലവു വിവരം പുറത്തുവിടാതെ ഇരുട്ടിൽ തപ്പുന്ന സർക്കാർ ഇനിയും ഇത്തരം കബളി പ്പിക്കലുകൾക്കു കൂട്ടുനിൽക്കുന്നത് പ്രവാസികളോടുള്ള അങ്ങേയറ്റത്തെ അവഹേളനമാണ്.

പ്രവാസികൾ കൂടുതലായി യാത്ര ചെയുന്ന സമയം നോക്കി ടിക്കറ്റ് നിരക്ക് അന്യായമായി വർധിപ്പിച്ച് ആകാശകൊള്ള നടത്തുന്ന വിമാനകമ്പനികൾക്ക് കുടപിടിക്കുന്ന സർക്കാർ പ്രവാസികളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് നേരെ എല്ലാക്കാലവും മുഖം തിരിച്ചുനിന്നിട്ടേയുള്ളൂ. ജോലിനഷ്ടപ്പെട്ടു വെറും കയ്യോടെ നാട്ടിലെത്തുന്ന സാധാരണ പ്രവാസികളുടെ എണ്ണം ദിനം പ്രതി വർധിച്ചുവരുന്നു. അവരുടെ പുനരധിവാസത്തിനോ ക്ഷേമത്തിനോ സർക്കാരിന് യാതൊരു പദ്ധതികളുമില്ല. ഇനിയെങ്കിലും പ്രവാസികളുടെ പേരും പറഞ്ഞുള്ള ഈ ലോക ധൂർത്ത് നിർത്തണമെന്നും ആ തുക പ്രവാസികളുടെ നേരിട്ടുള്ള ക്ഷേമപദ്ധതികൾക്കായി നീക്കിവയ്ക്കണമെന്നും സജി ഔസേഫ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *