ഗ്ലോബൽ പാസ്‌പോർട്ട് റാങ്ക് 2023ൽ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഒമാൻ 49ാം സ്ഥാനത്ത്. ഒമാൻ പാസ്‌പോർട്ട് നേടുന്ന ഏറ്റവും ഉയർന്ന റാങ്കാണ് 49.
ഒമാനി പാസ്‌പോർട്ടിന് 97 മൊബിലിറ്റി സ്‌കോറാണ് നൽകിയിരിക്കുന്നത്. ഒമാനി പാസ്‌പോർട്ട് ഉടമകൾക്ക് 14 മുതൽ 180 ദിവസംവരെ വിസയില്ലാതെ 40 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ നിയമങ്ങൾ അനുസരിച്ചായിരിക്കും എത്ര ദിവസം താമസിക്കാം എന്ന് തീരുമാനിക്കുന്നത് . അൽബേനിയ, ബഹാമാസ്, ബ്രൂണെ, ഇക്വഡോർ, ഈജിപ്ത്, ജോർജിയ, ജോർഡൻ, കസാക്കിസ്ഥാൻ എന്നിവ ഒമാനി പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിൽ ചിലതാണ്.
ഒരു രാജ്യത്തിൻറെ പാസ്പോര്ട്ട് ഉപയോഗിച്ച് ഓൺ അറൈവൽ വിസയിൽ എത്ര രാജ്യങ്ങൾ സന്ദർസിക്കാനാകുമെന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബൽ പാസ്‌പോർട്ട് പട്ടികയിൽ പാസ്‌പോർട്ടിന്റെ സ്ഥാനം നിർണയിക്കുന്നത്.
ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ, ഉഭയകക്ഷി കരാറുകൾ, വിസ സുഗമമാക്കൽ പരിപാടികൾ എന്നിവയെല്ലാം പാസ്‌പോർട്ട് ശക്തിയുടെ സ്ഥിരമായ വളർച്ചക്ക് കാരണമായി.
പാസ്‌പോർട്ട് പവർ റാങ്കിങിൽ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാനായത് രാജ്യത്തിന്റെ ടൂറിസം മേഖലയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും കൂടുതൽ അന്താരാഷ്‌ട്ര സന്ദർശകരെ ആകർഷിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.