നോര്‍ക്ക പ്രതിനിധി സംഘത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നരംഗ് ഒമാനിലേക്ക് ക്ഷണിച്ചു. ഒമാനിലെ വിവിധ മലയാളി പ്രവാസികളുമായി നേരില്‍ കാണുന്നതിനും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി നോര്‍ക്ക പ്രതിനിധി സംഘത്തെ അടുത്ത സെപ്റ്റംബറിലാണ് സ്ഥാനപതി ക്ഷണിച്ചത്.
നോര്‍ക്ക സെന്റര്‍ സന്ദര്‍ശിക്കവേയാണ് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോർക്ക പ്രതിനിധികളെ ഒമാനിലേക്ക് ക്ഷണിച്ചത്. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി.
നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഒമാനിലെ മലയാളി പ്രവാസികളെ സംബന്ധിച്ചും, വിമാനയാത്ര നിരക്കു വര്‍ദ്ധനവ് നിയന്ത്രിക്കുന്നതു സംബന്ധിച്ചുമുള്ള വിവിധ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.
നോർക്ക റൂട്ട്സ് പി.ആര്‍.ഒ ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, തിരുവനന്തപുരം റീജിയണന്‍ പാസ്സ്പോര്‍ട്ട് ഓഫീസര്‍ ജീവ മരിയ ജോയ്, തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് പ്രതിനിധി രോഹിത്ത് ജോർജ്ജ് എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.