ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ )സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയരായ ബിസ്സിനസ്സുകാര്‍ക്ക് ഒമാനിലെ സാധ്യതകളും, നാട്ടിലേയ്ക്ക് ഒമാനില്‍ നിന്നുളള നിക്ഷേപം ആകര്‍ഷിക്കുന്നതു സംബന്ധിച്ചുമുളള സാധ്യതകൾ സംബന്ധിച്ച വിശദമായ പ്രസന്റേഷനാണ് അമിത് നരംഗ് അവതരിപ്പിച്ചത്.

കേരളവും ഒമാനുമായി നൂറ്റാണ്ടുകളായി തുടരുന്ന സൗഹൃദം അദ്ദേഹം പങ്കുവെച്ചു. ആരോഗ്യം, ടൂറിസം, ആരോഗ്യടൂറിസം,ധാതുഖനനം, ഐ.ടി, ആയുര്‍വേദം, പുനരുപയോഗ ഊര്‍ജ്ജം, മാലിന്യസംസ്കരണം തുടങ്ങിയ വ്യത്യസ്ഥ മേഖലകളിലെ ബിസ്സിനസ്സ്-നിക്ഷേപ സാധ്യതകള്‍ അവതരണത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുളള ബിസ്സിനസ്സ് പ്രതിനിധികള്‍ക്ക് എല്ലാ സഹായവും ലഭ്യമാക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി തയ്യാറാണ്. ഒമാന്‍ യു.എസ് സ്വതന്ത്രവ്യാപാര കരാറിന്റെ സാധ്യതകള്‍ കേരളത്തിനുകൂടി പ്രയോജനകാരമാകും വിധം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അമിത് നരംഗ് അഭിപ്രായപ്പെട്ടു. സി.ഐ.ഐ കേരള യുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘത്തെ അംബാസിഡര്‍ ഒമാനിലേയ്ക്ക് ക്ഷണിച്ചു. കേരളത്തില്‍ ചികിത്സയ്ക്കുള്‍പ്പെടെ എത്തുന്ന ഒമാന്‍ പൗരന്‍മാരെ ചതിക്കുന്ന ഏജന്‍ന്റുമാരുടെ കാര്യം ഒമാന്‍ പ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് ചോദ്യത്തിന് മറുപടിയായി അമിത് നരംഗ് വ്യക്തമാക്കി. 

ചടങ്ങില്‍ നോര്‍ക്ക റസിഡന്‍ഡ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളവും ഒമാനും തമ്മിലുള്ള വ്യാപാരബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര മുണ്ടെന്നും കേരളത്തിൻറെ നിക്ഷേപ സാധ്യതകൾക്ക് ഇത് കൂടുതൽ പ്രയോജനകരമാകും എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏതു തൊഴിൽ മേഖലയ്ക്കും ആവശ്യമായ മനുഷ്യവിഭവശേഷി കേരളത്തിലുണ്ട്. പ്രവാസികളുടെ നിക്ഷേപ സംരംഭ സാധ്യതകൾ കണ്ടെത്തി ആവശ്യമായ സഹായസഹകരണങ്ങൾ നൽകുന്നതിന് നോക്കേണ്ട ആഭിമുഖ്യത്തിൽ ഒരു ബിസിനസ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.

കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ്സ് മാളിലെ സി.ഐ.ഐ ഓഫീസില്‍ ചേര്‍ന്ന മീറ്റില്‍ സി.ഐ.ഐ മുൻ പ്രസിഡന്റ് ശിവദാസ് ബി. മേനോൻ സ്വാഗതം പറഞ്ഞു. കെ.എസ്.ഐ.ഡി.സി. ഡപ്യൂട്ടി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ ആമുഖ പ്രഭാഷണം നടത്തി. മീറ്റിന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷണന്‍ നമ്പൂതിരി നന്ദി അറിയിച്ചു. വിവിധ മേഖലകളിലെ 50-ലധികം ബിസിനസ് പ്രതിനിധികൾ മീറ്റിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *