ഇരുപതു വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്യുകയാണ് ഒമാനി പൗരൻ ഖലീഫ ബാഖിത്. താൻ സെക്കണ്ടറി ക്ലാസ് പഠിക്കുന്ന കാലം മുതൽ തന്നെ മുടങ്ങാതെ രക്തം ദാനം ചെയ്തു തുടങ്ങിയെന്ന് ഖലീഫ ബാഖിത് പറയുന്നു. ബോഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മസ്കറ്റ് കെഎംസിസി അൽ ഖുദ് ഏരിയാ സംഘടിപ്പിച്ച രക്ത ദാന ക്യാംപിൽ പങ്കെടുക്കാൻ അൽ ഖുദ് മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിൽ എത്തിയതായിരുന്നു ഖലീഫ.
താൻ പൂർണ്ണ ആരോഗ്യവാനാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ തന്റെ രക്തത്തിനു ഒരിക്കലും കുറവ് സംഭവിച്ചിട്ടില്ല, എല്ലാ മൂന്നു നാല് മാസം കൂടുമ്പോഴും താൻ രക്തം ദാനം ചെയ്യാറുണ്ട്. ബോഷർ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തിയും സന്നദ്ധ സംഘടനകളുടെ ക്യാമ്പുകളിലെത്തിയും രക്തം നൽകും. രക്ത ദാനം ഏറ്റവും മഹത്തരം ആണെന്നും അതിലൂടെ പലജീവനുകൾക്കു സാന്ത്വനം ലഭിക്കുമെന്നും ഖലീഫ പറഞ്ഞു. മസ്കറ്റ് കെഎംസിസി അൽഖുദ് ഏരിയ ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്തിയതിൽ താൻ സന്തുഷ്ടനാണെന്നും അതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.