ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ പ്രവാസികളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുന്നതിന് റോയൽ ഒമാൻ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അനധികൃത യാത്രാഗതാഗതത്തിനും ചരക്ക് വിതരണ സേവനങ്ങൾക്കുമായി പ്രവാസി ഡ്രൈവർമാർ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ നിയന്ത്രണമെന്നു റോയൽ ഒമാൻ പോലീസ് (ആർഒപി) വ്യക്തമാക്കി.
റോയൽ ഒമാൻ പോലീസിന്റെ ഏറ്റവും പുതിയ നിർദ്ദേശം അനുസരിച്ച്, പ്രവാസികൾക്ക് ഫാമിലി ജോയിംഗ് വിസ ഉണ്ടെങ്കിൽ മാത്രമേ അവരുടെ പേരിൽ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രവാസികളുടെ കുടുംബം കൂടെ ഇല്ലാത്ത പക്ഷം അത്തരമൊരു കാർ കൈവശം വയ്ക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ആർഒപി ഉദ്യോഗസ്ഥർ വിശദീകരിച്ചു
പ്രവാസികൾ അവരുടെ വാഹനങ്ങൾ ഒമാനിൽ നിയമവിരുദ്ധമായി ഉപയോഗിക്കില്ലെന്ന് വാഹന ഉടമയ്ക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ, റോയൽ ഒമാൻ പോലീസ് നിരസിക്കും.
മാനേജർമാർ, ടെക്‌നീഷ്യൻമാർ, എഞ്ചിനീയർമാർ, മറ്റ് സമാന തസ്തികകൾ തുടങ്ങിയ പ്രത്യേക പ്രൊഫഷണൽ റോളുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഈ നിയമത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ പ്രൊഫഷൻ ഉള്ള വ്യക്തികൾക്ക് അത്തരം വാഹനങ്ങൾ സ്വന്തമാക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കുമെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി
ഇത് കൂടാതെ, കോംപാക്റ്റ്, മിനി, മിഡ്‌സൈസ് അല്ലെങ്കിൽ കൂപ്പെ ട്രക്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചുള്ള പിക്കപ്പ് ട്രക്കുകൾ സ്വന്തമാക്കുന്നതിൽ നിന്ന് പ്രവാസികളെ റോയൽ ഒമാൻ പോലീസ് കർശനമായി വിലക്കുന്നുണ്ട് . എന്നാലും ഈ വാഹനങ്ങൾ അവരുടെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾക്കായി, നിയമാനുസൃതമായ ലക്ഷ്യത്തോടെ മാത്രമേ ഉപയോഗിക്കൂ എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ, പ്രവാസികൾക്ക് അവരുടെ പേരിൽ ആഡംബര/ഹെവി ഡ്യൂട്ടി പിക്കപ്പ് ട്രക്കുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കുന്നു.
ഒരു ഫോർ വീൽ ഡ്രൈവ് അല്ലെങ്കിൽ പിക്കപ്പ് ട്രക്ക് ഉപയോഗിച്ച ഒരു പ്രവാസി പിടിക്കപ്പെട്ടാൽഅവർക്ക് 35 ഒമാനി റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിച്ചാൽ, തുടർനടപടികൾക്കായി അവരുടെ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.