ഈ വർഷത്തെ ആഗോള സമാധാന സൂചികയുടെ (ജി പി ഐ) പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടി ഒമാനും.
മധ്യപൂർവ ദേശത്തെയും വടക്കൻ ആഫ്രിക്കൻ മേഖലയിലെയും (മിന) ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടിയിലാണ് സുൽത്താനേറ്റ് മൂന്നാം സ്ഥാനത്തെത്തിയത്.
ഖത്വർ ഒന്നാമതും കുവൈത്ത് രണ്ടാമതുമാണ്. ജോർദാൻ, യു എ ഇ എന്നിവയാണ് തൊട്ടുപിന്നിൽ. ടുണീഷ്യ, മൊറോക്കോ, അൾജീരിയ, ബഹ്റൈൻ, സഉദി അറേബ്യ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയത്.
അതേസമയം മിന മേഖലയിൽ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യം യമൻ ആണ്. ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും ഇതിന കാരണമായി.
ആഗോള തലത്തിൽ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യമെന്ന ഒന്നാം സ്ഥാനം ഐസ്ലൻഡ് ഇത്തവണയും നിലനിർത്തി. ഡെൻമാർക്ക്, അയർലൻഡ്, ന്യൂസിലാൻഡ്, ആസ്ത്രേലിയ എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം നേടിയത്.
ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ ഇ പി) തയാറാക്കിയ സൂചികയിൽ 163 രാജ്യങ്ങളും ഭൂപ്രദേശങ്ങളുമാണുള്ളത്. സാമൂഹിക സുരക്ഷ, ആഭ്യന്തരരാജ്യാന്തര കലാപങ്ങളുടെ തോത്, സൈനീകരണത്തിന്റെ തോത് എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങൾ ആസ്പദമാക്കിയാണ് രാജ്യങ്ങളിലെ സമാധാനത്തിന്റെ തോത് വിലയിരുത്തുന്നത്.