ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുള്ള കാർഗോ നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന 160 റിയാലിൽനിന്നും ( 34,082 ഇന്ത്യൻ രൂപ) 210 റിയാലായാണ് (ഏകദേശം 44,723 ഇന്ത്യൻ രൂപ) ഉയർത്തിയിരിക്കുന്നത്. ഇതിനുപുറമെ ജി.എസ്.എ ചാർജായി 50 റിയാൽ കൂടി നൽകുന്നതോടെ നിരക്ക് 260 റിയാൽ ആയി ഉയരും.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൃതദേഹമാണെങ്കിൽ നിരക്കിന്‍റെ പകുതി നൽകിയാൽ മതിയാകും. ഇതുസംബന്ധിച്ച് മേയ് 22ന് കാർഗോ ഏജന്‍റുമാർക്ക് നൽകിയ സർക്കുലറിലാണ് എയർ ഇന്ത്യ അധികൃതർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ജൂൺ ഒന്നുമുതൽ കാർഗോ നിരക്ക് പ്രാബല്യത്തിൽ വരുകയും ചെയ്തു.
നൂറ് കിലോവരെ ഭാരമുള്ള മൃതദേഹങ്ങൾക്കാണ് ഈ നിരക്ക് ഈടാക്കുക. ഇതിന് മുകളിൽ വരുന്നതിന് അധിക നിരക്കുകൾ നൽകേണ്ടിവരും. ഒമാന്‍റെ ബജറ്റ് വിമാനമായ സലാം എയർ 210ഉം ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ 235 റിയാലുമാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാൻ ഈടാക്കുന്നത്.
എയർ ഇന്ത്യ കാർഗോ നിരക്ക് ഉയർത്തിയതോടെ ഒമാനിൽനിന്ന് മൃതദേഹം കേരളത്തിലെത്തിക്കാൻ ചുരുങ്ങിയത് 620 റിയാലിന് (1.32 ലക്ഷം രൂപ) മുകളിൽ ചെലവു വരുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കാർഗോ, എംബാമിങ്, എയർപോർട്ടിലേക്കുള്ള ട്രാൻസ്പോർട്ടിങ് ചാർജ് അടക്കമാണ് ഇത്രയും തുക വരുന്നത്.
എയർ ഇന്ത്യയുടെ ഈ ദ്രോഹ നടപടിയിൽ ഒമാനിലെ വിവിധ പ്രവാസി സങ്കടനകൾ പ്രതിഷേധം രേഖപ്പെടുത്തി.