ബൗശർ- ആമിറാത്ത് ടണൽ പരിഗണനയിൽ

മസ്‌കത്ത് മെട്രോയുടെ റൂട്ടുകളുടെ ക്രമീകരണം അന്തിമ ഘട്ടത്തിലാണെന്ന് ഭവനനഗര ആസൂത്രണ മന്ത്രാലയത്തിലെ അർബൻ സ്ട്രാറ്റജി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇബ്‌റാഹിം ബിൻ ഹമൂദ് അൽ വഈലി പറഞ്ഞു. മന്ത്രാലയം സഘടിപ്പിച്ച ഗ്രേറ്റർ മസ്‌കത്ത് മാസ്റ്റർ പ്ലാനിനെക്കുറിച്ചുള്ള വർക്ക്‌ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൗശർ- ആമിറാത്ത് ടണൽ നിർമിക്കുന്നതിനുള്ള പഠനം പരിഗണനയിലാണ്. ഇവരണ്ടും ഗ്രേറ്റർ മസ്‌കത്തിത്തിന്റെ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിലെ ജനസംഖ്യാ വളർച്ചയെ ഉൾക്കൊള്ളുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും ഗതാഗത ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള ബഹുമുഖ പ്രത്യേ വികസന പദ്ധതിയാണ് ഗ്രേറ്റർ മസ്‌കത്ത്. ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കലും രൂപകൽപ്പനയും അവസാന ഘട്ടത്തിലെത്തിലാണ്. ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം ലഭിച്ചാൽ അടുത്ത വർഷം ആദ്യം മാസ്റ്റർ പ്ലാൻ നിർവഹണ ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടയായ നഗരവിപുലീകരണം, പച്ചപ്പിന്റെയും ലാൻഡ്‌സ്‌കേപ്പിംഗിന്റെയും വിപുലീകരണം, സംരക്ഷണ അണക്കെട്ടുകൾ, കാലാവസ്ഥാ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യൽ തുടങ്ങി വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാകുന്നതും മസ്‌കത്തിലെ തന്ത്രപ്രധാന മേഖലകളിൽ പ്രധാന സ്‌റ്റേഷനുകൾ ഉറപ്പുവരുത്തുന്നതുമടക്കം പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് മെട്രാ പദ്ധതിയുടെ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നതെന്ന് ഇബ്‌റാഹിം അൽ വഈലി ചൂണ്ടിക്കാട്ടി. മെട്രോ റെയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തിന്റെ ആദ്യത്തിൽ കൺസൽട്ടസി പഠനത്തിനുള്ള ടെൻഡറുകൾ ഗതാഗത മന്ത്രാലയം നൽകിയിരുന്നു. പദ്ധതിയുടെ ചെലവ്, സുരക്ഷ, ഗുണ നിലവാരം പൂർണ്മായി പാലിക്കൽ തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

ബോശർ-ആമിറാത്ത് ടണൽ പദ്ധതി മസ്‌കത്ത് മുനിസിപ്പാലിറ്റിയും ധനമന്ത്രാലയവും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ പഠനത്തിലാണ്. പൊതു ഗതാഗത സംവിധാനത്തിന്റെ ഗുണ നിലവാരം ഉയർത്തുക എന്നത് ഭവന നഗര വികസന മന്ത്രാലയം നടപ്പാക്കുന്ന മസ്‌കത്ത് വികസന പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ജനസംഖ്യ വർധിച്ചു വരുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കൽ അനിവാര്യമാണ്. നിക്ഷേപകരെ ആകർഷിക്കൽ, ഗതാഗത രംഗം വികസിപ്പിക്കൽ, ഗതാഗത മേഖലയുടെ ഗുണനിലവാരം ഉയർത്തൽ, ഉപരിതല ഗതാഗത വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവയും മെട്രോ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *