ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമാക്കി. ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ചികിത്സ ഉറപ്പുവരുത്താന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ സന്നദ്ധമാകണമെന്നും ആരോഗ്യ മന്ത്രി ഉത്തരവില്‍ വ്യക്തമാക്കി.
ഒമാനിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലും അടിയന്തര ചികിത്സക്ക് തടസ്സമാകാത്ത വിധത്തില്‍ നിശ്ചിത ഫീസ് ഈടാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഒമാനി പൗരന്മാര്, മൂന്ന് മാസത്തില്‍ കൂടുതലായി ഒമാനില്‍ കഴിയുന്ന ജി സി സി രാജ്യങ്ങളിലെ പൗരന്മാര്, ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികള്‍, സ്വദേശി പുരുഷന്മാരെ വിവാഹം കഴിച്ച വിദേശി, ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍, സര്‍ക്കാര്‍ ജീവനക്കാരായ വിദേശികള്‍, ഇവരുടെ കുടുംബങ്ങള്‍, വിദേശ നയതന്ത്ര പ്രതിനിധികള്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ചികിത്സ സൗജന്യമാണെന്നും ആരോഗ്യ മന്ത്രിയുടെ ഉത്തരവില്‍ വ്യക്തമാക്കി.