മാലിന്യം കത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. നിർദ്ദേശിച്ച ചടങ്ങൾ അനുസരിച്ച് ഇവ ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് അധികൃതർ അറിയിച്ചു . മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളും പരിസ്ഥിതി മലിനീകരണവും ‘ജാഗ്രത പാലിക്കുക’ എന്ന കാമ്പയിനിന്റെ ഭാഗമായി മസ്കത്ത് മുനിസിപ്പാലിറ്റി ഉയർത്തിക്കാട്ടി.
മാലിന്യം കത്തിക്കുന്നതിലൂടെ വ്യക്തികൾക്ക് അപകടം ഉണ്ടാക്കുക മാത്രമല്ല, വഴിയാത്രക്കാർക്കും റോഡ് ഉപയോക്താക്കൾക്കും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വിവിധ സ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞ് കൂടുന്നത് നിരീക്ഷിക്കാൻ മറ്റ് അധികാരികളുമായി സഹകരിച്ച് മസ്‌കത്ത് മുനിസിപ്പാലിറ്റി അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്. മാലിന്യം കത്തിക്കുന്നതിന്റെ അനന്തരഫലങ്ങൾ പെട്ടെന്നുള്ള പ്രത്യാഘാതങ്ങൾക്കപ്പുറമാണ്.
ദീർഘകാലാടിസ്ഥാനത്തിൽ ഇത് കാർഷിക വിളകളെയും മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അന്തരീക്ഷ മലിനീകരണവും കാർഷിക, നിർമാണ സ്രോതസ്സുകളിൽനിന്നുള്ള മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക വ്യാപനവും ശ്വസനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗമുള്ള വ്യക്തികൾക്ക് ഇത് കൂടുതൽ അപകടകരമാണെന്നും അധികൃതർ വ്യക്തമാക്കി.

