മസ്കത്ത് ഗവർണറേറ്റിൽ രാത്രി താപനില ഉയരുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അർധരാ ത്രിയിൽ താപനില 30 ഡി ഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി വരെ എത്തിയേക്കും.

അതേസമയം, സുര്യാഘാതം, ക്ഷീണം, ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഉച്ചതിരിഞ്ഞ് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

ഏറ്റവും ചൂടേറിയ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാനായി തണുത്ത വെള്ളത്തിൽ കുളിക്കുകയോ മറ്റോ ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ പകൽ സമയത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

പകൽ സമയങ്ങളിലെ കത്തുന്ന ചുടിന് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം എല്ലാ വർഷവും പ്രഖ്യാപിക്കാറുള്ള ഉച്ച വിശ്രമവേള ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്.

തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ ഉച്ച അവധി നൽകുന്നത്. ഉച്ച വിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിട്ടുണ്ട്.നിയമം ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷകളും ഉണ്ടാവുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *