ഒമാനില്‍ പുറം ജോലിക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന താപനില രേഖപ്പെടുത്താറുള്ള സമയമാണ് വിശ്രമത്തിനായി അനുവദിച്ചത്. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ആഗസ്ത് 31 വരെ മധ്യാഹ്ന വിശ്രമം അനുവദിക്കും.
വിശ്രമം അനുവദിച്ച സമയം തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികള്‍ ഒരുക്കണം. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയും ലഭിക്കും. തൊഴില്‍ സമയങ്ങളില്‍ ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കാന്‍ വെള്ളം വിതരണം ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നിരവധി സ്ഥലങ്ങളില്‍ ഉയര്‍ന്ന താപലനിലയായി 47 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. മസ്‌കത്ത്, സൂര്‍, സീബ്, കസബ്, എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ 47 ഡിഗ്രി സെല്‍ഷ്യസ് താപം രേഖപ്പെടുത്തിയത്.