ഒമാനിൽ ഏറെ സവിശേഷതകളോടെ രാജ്യത്തിന് തന്നെ പുതുമയാര്‍ന്ന തരത്തില്‍ യാഥാര്‍ഥ്യമാകുന്ന സുല്‍ത്താന്‍ ഹൈതം സിറ്റിയുടെ പ്രാരംഭ നിര്‍മാണോദ്ഘാടനം അല്‍ ബറക കൊട്ടാരത്തില്‍ കെങ്കേമമായി നടന്നു.
ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ താരിക് ഉദ്ഘാടന ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. രാജ്യത്തെ യുവജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ സുസ്ഥിര നഗരങ്ങള്‍ക്കുള്ള മാതൃകയായാണ് ഈ സ്മാര്‍ട്ട് സിറ്റി നിര്‍മിക്കുക.
സുല്‍ത്താന്‍ ഹൈതം സിറ്റിയുടെ സവിശേഷതകള്‍ ഉദ്ഘാടന ചടങ്ങില്‍ വിശദീകരിച്ചു. ആധുനിക അന്തരീക്ഷത്തിലുള്ള സിറ്റിയുടെ വിവിധ ബഹു ഉപയോഗ പാര്‍പ്പിട സൗകര്യങ്ങളെ വിശദീകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സാംസ്‌കാരിക പൈതൃകത്തെ ഉത്തേജിപ്പിക്കുന്ന സുസ്ഥിര ജീവിതശൈലികളെ ആശ്ലേഷിക്കുന്ന തരത്തില്‍ വിസ്മയകരമായ വാസ്തുവിദ്യയോടെയാണ് സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുക. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തിലാകും നിര്‍മാണം.
സുല്‍ത്താനേറ്റിലെ തുല്യതയില്ലാത്തതും കണ്ണഞ്ചിപ്പിക്കുന്നതുമായ തരത്തിലാണ് നഗരം പടുത്തുയര്‍ത്തുക. നഗരത്തിന്റെ വിവിധ വികസന ഘട്ടങ്ങളിലേക്കും സ്‌കൂളുകള്‍, ആശുപത്രികള്‍, മസ്ജിദുകള്‍ അടക്കമുള്ള പ്രവിശാല സൗകര്യങ്ങളിലേക്കും വെളിച്ചം വീശുന്ന മാസ്റ്റര്‍ പ്ലാനിന്റെ ദൃശ്യാവിഷ്‌കാരം ചടങ്ങിലുണ്ടായിരുന്നു.
ക്ഷേമസമൂഹത്തിനുള്ള സുസ്ഥിര നഗര വികസനത്തിലേക്ക് പാര്‍പ്പിട, നഗരാസൂത്രണ മന്ത്രാലയം നടത്തുന്ന സംയോജിത യാത്രയുടെ ഫലം കൂടിയാണ് സുല്‍ത്താന്‍ ഹൈതം സിറ്റി. ഒമാന്‍ വിഷന്‍ 2040 അനുസരിച്ചുള്ള തന്ത്രപ്രധാന ദേശീയ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം കൂടിയാണിത്. ഒമാനി പൗരന്മാര്‍ക്ക് വിവിധ ശ്രേണികളിലുള്ള പാര്‍പ്പിട സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നൂതന സാമൂഹിക സൗകര്യങ്ങള്‍ സിറ്റിയിലുണ്ടാകും. താമസക്കാരെ അനുവദിക്കാന്‍ ശ്രദ്ധാപൂര്‍വമാണ് ഈ പ്രധാന കേന്ദ്രങ്ങളെ തിരഞ്ഞെടുത്തത്.
പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍, കളിമൈതാനങ്ങള്‍, പാര്‍ക്കുകള്‍ മുതലായ പൊതു സൗകര്യങ്ങള്‍ താമസക്കാര്‍ക്ക് ഒരുമിച്ച് ഉപയോഗിക്കാം. കമ്യൂണിറ്റി സെന്ററുകള്‍ നിര്‍മിച്ചും സിറ്റിയിലെ മറ്റ് ഇടങ്ങള്‍ ഉപയോഗപ്പെടുത്തിയും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കാം. പുറംഭാഗത്ത് വൃക്ഷങ്ങളും പ്രകൃതിദത്തമായ പുറം ഇടങ്ങളും കെട്ടിടങ്ങളുടെ ഉയരത്തില്‍ തിങ്ങിനിറഞ്ഞ പ്രകൃതി ദൃശ്യങ്ങളും പ്രത്യേകം രൂപകല്പന ചെയ്ത സ്ട്രീറ്റുകളുമുണ്ടാകും.
സൗരോര്‍ജം പോലുള്ള സുസ്ഥിര ഊര്‍ജ സ്രോതസ്സുകളാണ് നഗരത്തില്‍ ഉപയോഗിക്കുക. മാലിന്യത്തില്‍ നിന്ന് വൈദ്യുതോത്പദാനം, മലിനജല സംസ്‌കരിച്ച് ചാരവെള്ളമായി ഉപയോഗിക്കല്‍, വിഭവങ്ങള്‍ സംരക്ഷിക്കാന്‍ സുസ്ഥിര സംവിധാനങ്ങളുടെ ഉപയോഗം, മാലിന്യം കുറക്കല്‍, പുനരുപയോഗം, പുനഃചംക്രമണം എന്നിവയെല്ലാം നഗരത്തിന്റെ സവിശേഷതകളാകും. സാധാരണ നഗര ജീവിതത്തിന്റെ ആശയത്തില്‍ നിന്ന് മാറി നാഗരിക സമൂഹത്തെ കെട്ടിപ്പടുക്കുകയും സുല്‍ത്താന്‍ ഹൈതം സിറ്റിയുടെ ലക്ഷ്യമാണ്.
*സവിശേഷതകള്‍*
• 14.8 മില്യന്‍ ചതുരശ്ര മീറ്ററില്‍ വിസ്താരം.
• ഒരു ലക്ഷം പേര്‍ക്ക് താമസിക്കാം
• 20,000 പാര്‍പ്പിട യൂനിറ്റുകള്‍
• 29 ലക്ഷം ചതുരശ്ര മീറ്ററില്‍ പ്രകൃതിദൃശ്യം
• 19 സംയോജിത താമസകേന്ദ്രങ്ങള്‍ (ടൗണ്‍ഹൗസ്, അപാര്‍ട്ട്‌മെന്റ് മുതലായവ)
• വാണിജ്യ കേന്ദ്രങ്ങള്‍
• അടിസ്ഥാന സൗകര്യങ്ങള്‍
• 23 മസ്ജിദുകളും ഒരു ഗ്രാന്‍ഡ് മസ്ജിദും
• 39 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍
• 11 ആരോഗ്യ കേന്ദ്രങ്ങള്‍
• രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ 20,000 രോഗികളുടെ ആവശ്യം നിറവേറ്റും
• ആറ് ആരോഗ്യ കേന്ദ്രങ്ങള്‍ പതിനായിരം വീതം രോഗികളുടെ ആവശ്യം നിറവേറ്റും
• 1200 ബെഡുള്ള റഫറല്‍ ആശുപത്രി
• 12 അന്താരാഷ്ട്ര ആഡംബര കേന്ദ്രങ്ങള്‍
• സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍
• യൂനിവേഴ്‌സിറ്റി
• സെന്‍ട്രല്‍ പാര്‍ക്ക്
• ചോലമരങ്ങളുള്ള നടപ്പാത
• പരസ്പരബന്ധിത ഗതാഗത സൗകര്യം