ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറത്തിന്റെ വാർഷിക സയൻസ് ഫിയസ്റ്റ 2023 സമാപിച്ചു .ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്രയാണ് റോളിംഗ് ട്രോഫി നേടിയത്.
ഇന്ത്യയുടെ ബഹിരാകാശ യാത്ര: ചന്ദ്രൻ, ചൊവ്വ, അതിനുമപ്പുറം എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. ജൂനിയേഴ്സിനും സീനിയേഴ്സിനുമുള്ള ചർച്ച, ഓൺ ദി സ്പോട്ട് പ്രോജക്ടുകൾ, ഫോട്ടോഗ്രാഫി മത്സരം, ഡിജിറ്റൽ സിമ്പോസിയം, വിദ്യാർത്ഥികൾക്കായി ഐഎസ്എഫ് നടത്തിയ ശാസ്ത്ര പ്രദർശനം തുടങ്ങി, വിവിധ മത്സരങ്ങളിൽ ആദ്യദിനം വിദ്യാർത്ഥികൾ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്ന് ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യൻ സയൻസ് ഫോറം കോർഡിനേറ്റർ ഡോ.ജെ.രത്നകുമാർ പറഞ്ഞു. നാഷണൽ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ഇന്നൊവേഷൻ സെന്ററിൽ നടന്ന പരിപാടി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്‌ഘാടനം ചെയ്തു . ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ പത്മശ്രീ ഡോ.മയിൽസ്വാമി അണ്ണാദുരൈക്ക് ഐ.എസ്.എഫ്.എ.പി.ജെ.അബ്ദുൾ കലാം പുരസ്കാരം, സമ്മാനിച്ചു .
ഇന്നത്തെ കുട്ടികളുടെ ശാസ്ത്ര ബോധം അത്ഭുതപെടുത്തുന്നതാണെന്നും നാളെ ബഹിരാകാശത്തു പോലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾ പ്രാപതരാകുന്ന തലത്തിലേക്ക് അവരുടെ ശാസ്ത്ര ബോധം വികസിച്ചു എന്നും മയിൽ സ്വാമി അണ്ണാദുരൈ പറഞ്ഞു . ഏതൊരു രാജ്യത്തിന്റെയും, പുരോഗതിയുടെയും, വികസനത്തിന്റെയും, താക്കോൽ ശാസ്ത്രവും സാങ്കേതിക വിദ്യയും വഹിക്കുന്നുണ്ടെന്ന് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി വൈസ് ചാൻസലർ ഡോ അലി അൽ ബിമാനി പറഞ്ഞു. രണ്ടു ദിവസമായി നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു