ഒമാൻ ഉൾപ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങളിലൂടെ കുതിച്ച് പായാനൊരുങ്ങി ജിസിസി റെയില്‍ . സാധ്യതാ, ഗതാഗത പഠനങ്ങള്‍ പൂര്‍ത്തിയായി. മേല്‍നോട്ടത്തിനായി രൂപീകരിച്ച ജിസിസി റെയില്‍വേ അതോറിറ്റി അംഗ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ്.
അബുദാബിയില്‍ ഇന്നലെ സമാപിച്ച മിഡില്‍ ഈസ്റ്റ് റെയില്‍ എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വിശദീകരിച്ചത്. യുഎഇയുടെ ഇത്തിഹാദ് റെയില്‍ 900 കി.മീ പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ചരക്കുസേവനം ആരംഭിച്ചു. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി റെയില്‍ റാസല്‍ഖൈര്‍-ദമാന്‍ റൂട്ടില്‍ 200 കി.മീ പൂര്‍ത്തിയായി.
സൊഹാര്‍ തുറമുഖത്തെ യുഎഇ ദേശീയ റെയിലുമായി ബന്ധിപ്പിക്കുന്നതിനു ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ച് സ്ഥലം ഏറ്റെടുക്കല്‍ ജോലി പുരോഗമിക്കുകയാണ്. ഖത്തര്‍ റെയിലിന്റെ അടിസ്ഥാന സൗകര്യ വികസനവും രൂപകല്‍പനയും പൂര്‍ത്തിയായി. ബഹ്റൈനെ ജിസിസി റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടവും കുവൈത്തിന്റെ 111 കി.മീ റെയില്‍വേ ട്രാക്കിന്റെ രൂപകല്‍പനയും പൂര്‍ത്തിയായി.
യുഎഇയും സൗദിയുമാണ് പദ്ധതിയിലേക്കു കൂടുതല്‍ അടുത്ത രാജ്യങ്ങളെന്ന് ജിസിസി റെയില്‍വേ അതോറിറ്റി വിദഗ്ധന്‍ നാസര്‍ അല്‍ ഖഹ്താനി പറഞ്ഞു. അതതു രാജ്യങ്ങളിലെ റെയില്‍ ശൃംഖലയുമായി അംഗ രാജ്യങ്ങള്‍ ബന്ധിപ്പിക്കുന്നതോടെ 2117 കി.മീ ജിസിസി റെയില്‍ യാഥാര്‍ഥ്യമാകും. 6 രാജ്യങ്ങളിലെയും പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചാകും ജിസിസി റെയില്‍ സര്‍വീസ്. റെയില്‍വേ ട്രാക്കുകളുടെ ഏകീകൃത മാനദണ്ഡങ്ങളും പൊതു മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ട് ഇല്ലെന്ന് ഉറപ്പാക്കാന്‍ ജിസിസി റെയില്‍വേ അതോറിറ്റി അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.