ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന പുതിയ രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.
ഹ്യൂമൻ റിസോഴ്‌സ് മാനേജരാണ് എന്ന് പരിചയപ്പെടുത്തി സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. പാർട്ട് ടൈം ജോലിക്ക് 30-60 മിനിറ്റ് എടുക്കും ശമ്പളം 20- 200 റിയാൽ. ഈ ജോലി ചെയ്യാൻ നിങ്ങൾക്ക് കുറഞ്ഞത് 23 വയസ്സ് പ്രായമുണ്ടായിരിക്കണം-ഇത്തരത്തിലുള്ള സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഇത്തരം വഞ്ചനാപരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇത്തരം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആർ.ഒ.പി നിർദ്ദേശിച്ചു. അതേസമയം, ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്.
ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്. പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു.
എന്നാൽ, ഇത്തരം തട്ടിപ്പുകളെ കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.

