സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്കവാറും സ്കൂളുകൾ നേടിയിരിക്കുന്നത്. നിരവധി വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്‍റും രക്ഷിതാക്കളും അഭിനന്ദിച്ചു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ വിജയം സംബന്ധമായ അന്തിമ ചിത്രങ്ങൾ ലഭ്യമായിട്ടില്ല. പരീക്ഷ ഫലം നേരത്തെ പുറത്തുവന്നത് കേരളത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.
പരീക്ഷഫലം വന്നതോടെ തുടർ വിദ്യാഭ്യാസത്തിന് അപേക്ഷ നൽകാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ചുവരെയാണ് 12ാം ക്ലാസ് പരീക്ഷ നടന്നത്. 2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.