വിസ പ്രശ്നം അടക്കമുള്ള നിരവധി കാരണങ്ങളാൽ ഒമാനിൽപെട്ടുപോയ 1,100 ലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ വലിയ വിഭാഗം വീട്ടുജോലിക്കാരികളുമാണ്. ഒമാൻ സർക്കാന്‍റെ മികച്ച സഹകരണം കൊണ്ടാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ കഴിഞ്ഞതെന്നും അതിൽ ഒമാൻ സർക്കാറിന് നന്ദി അറിയിക്കുകയാണെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
ബുധനാഴ്ച 15പേർ അടങ്ങുന്ന വനിത ജോലിക്കാരുടെ സംഘത്തെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒമാനിൽ തൊഴിൽ പ്രശ്നം അടക്കമുള്ള നിരവധി കാരണങ്ങളാൽ കുടുങ്ങി പോയ ബാക്കിയുള്ളവർക്ക് സുരക്ഷിതത്വവും ക്ഷേമവും ഉറപ്പ് വരുത്താൻ എംബസി പ്രതിജ്ഞ ബന്ധമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.