താനൂര്‍ ദുരന്തം: ദുരന്തത്തിനിടയാക്കിയ ബോട്ട് കരയ്‌ക്കെത്തിച്ചു; വെട്ടിപ്പൊളിച്ച് പരിശോധന

താനൂര്‍ തൂവല്‍ തീരത്ത് അപകടത്തില്‍ പെട്ട വിനോദ സഞ്ചാര ബോട്ട് കരയ്‌ക്കെത്തിച്ചു. മല്‍സ്യത്തൊഴിലാളികളും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് വടംകെട്ടി വലിച്ചാണ് ബോട്ട് കരയ്‌ക്കെത്തിച്ചത്. ബോട്ടില്‍ ചെളി നിറഞ്ഞ നിലയിലായതിനാല്‍ ഏറെ പണിപെട്ടാണ് ബോട്ട് കരയിലേക്കെത്തിച്ചത്.
യാത്രക്കാര്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ബോട്ട് വെട്ടിപ്പൊളിച്ച് പരിശോധന നടത്തുകയാണ്.

അപകടത്തില്‍ ഇതുവരെ 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. അപകടസമയത്ത് ബോട്ടില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതില്‍ കൃത്യമായ കണക്ക് ലഭ്യമല്ലാത്തതിനാല്‍ ഇനിയും എത്ര പേരെ കണ്ടെത്താനുണ്ട് എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.ബോട്ടില്‍ കുടുങ്ങിക്കിടന്നവരുടെ മൃതദേഹമാണ് അവസാനമായി കണ്ടെടുത്തത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സര്‍വീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സര്‍വീസ് നടത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

വാരാന്ത്യമായതിനാല്‍ നിരവധി സന്ദര്‍ശകരുണ്ടായിരുന്നു. അപകടത്തില്‍ പെട്ട ബോട്ടില്‍ നിരവധി കുട്ടികളുണ്ടായിരുന്നു. ഇതാണ് ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചത്. രാത്രിയും വെളിച്ചമില്ലായ്മയും രക്ഷാ പ്രവര്‍ത്തനങ്ങളെ ദുഷ്‌ക്കരമായി ബാധിച്ചിട്ടുണ്ട്.

പരിക്കേറ്റവരെയും മരിച്ചവരേയും തിരൂരിലേയും താനൂരിലേയും തിരൂരങ്ങാടിയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളും പോലിസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *