ഒമാനിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന് പ്രൗഡോജ്വല തുടക്കം. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങിന്റെ ആഭിമുഖ്യത്തിൽ മസ്‌കത്തിലെ അൽ അമറാത് പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ പരിപാടി മുൻ കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.
മഹാമേള ഇൻഡോ -ഒമാൻ സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമ വേദിയായി മാറി. സ്വദേശികളും വിദേശികളും അടക്കം രണ്ടു ദിവസങ്ങളിലായി നാനൂറോളം കലാകാരന്മാർ വേദിയിൽ എത്തും. സിനിമാതാരം മനോജ് കെ. ജയന്റെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടും.
കേരളത്തിൽ നിന്നുള്ള പ്രമുഖ നാടൻ പാട്ട് കലാസംഘം തൃശൂർ ജനനയന അവതരിപ്പിക്കുന്ന പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെയുള്ള നാടൻപാട്ടും വേദിയിൽ അരങ്ങേറും.
ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘാടന സമിതി ചെയർമാൻ വിൽസൺ ജോർജ് പരിപാടിയിൽ അധ്യക്ഷതവഹിച്ചു. ശാസ്ത്ര പ്രചാരകൻ ഡോ. വൈശാഖൻ തമ്പി, സിനിമ താരം പി.പി കുഞ്ഞി കൃഷ്ണൻ, ഒമാനി പൗര പ്രമുഖരായ ഗാലിബ് സഈദ് അലി അൽ ഹർത്തി, ബദർ അൽ ഹിനായ്, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ് കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക സംഗമം ആറ് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും എത്തുന്നത്.
ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്‌കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമാൻ സ്വദേശികളും പ്രവാസികളുമുൾപ്പെടെ ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഒമാനിലെ പ്രമുഖ ഹ്രസ്വ സിനിമാ നിർമ്മാതാക്കളും ട്രാവൽ ഏജൻസിയുമായ ജെ കെ ഫിലിംസുമായി ചേർന്ന് മലയാള സിനിമാ രംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകിയ ഒരു കലാകാരനോ കലാകാരിക്കോ കൈരളി- ജെ കെ ഫിലിംസ് അവാർഡ് എന്ന പേരിൽ ഈ വർഷം മുതൽ ഐ സി എഫ് വേദിയിൽ വച്ച് അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരിക്കും അവാർഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമ രംഗത്തുള്ള ശ്രീമതി ഓമന ഔസേപ്പാണ് പ്രഥമ കൈരളി- ജെ കെ ഫിലിംസ് അവാർഡിന് അർഹയായിട്ടുളളത്