വിവിധ സംഘടനകള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
സ്കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്‌തമാവുന്നു.സലാലയില്‍ നിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ആഴ്‌ചകള്‍ക്ക് മുമ്പ് നിര്‍ത്തിയത്.
നിലവില്‍ കൊച്ചിക്കും കോഴിക്കോടിനും ആഴ് ചയില്‍ ഒരു സര്‍വ്വീസ് മാത്രമാണുള്ളത്. കോവിഡിന് മുമ്പ് കൊച്ചി വഴി തിരുവനന്തപുരത്തിനും കോഴിക്കോട് വഴി കണ്ണൂരിനും തിരിച്ചും സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു. കോവിഡിന് ശേഷം കണ്ണൂര്‍ വഴി കൊച്ചിക്കും കോഴിക്കോട് വഴി തിരുവനന്തപുരത്തിനും സര്‍വ്വീസ് ഉണ്ടായിരുന്നതാണ്. നിറയെ യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയിരുന്നതാണ് ഇവയെല്ലാമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടാതെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള നിരവധി പ്രവാസികള്‍ക്കും ഉപകാര പ്രദമായിരുന്നു ഈ സര്‍വ്വീസുകള്‍.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ നടപടിക്കെതിരെ മ്യൂസിക് ഹാളില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പ്രതിഷേധ യോഗം ചേര്‍ന്നു. കോണ്‍സുലാര്‍ ഏജന്റ് ഡോ:കെ.സനാതനന്‍ അധ്യക്ഷത വഹിച്ചു. ടിസ പ്രസിഡന്റ് ഷജീര്‍ ഖാന്‍ വിഷയാവതരണം നടത്തി.
എല്ലാ സംഘടന പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിശാലമായ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഡോ:കെ.സനാതനനെ ചെയര്‍മാനായും റസ്സല്‍ മുഹമ്മദിനെ കണ്‍വീനറായും നിശ്ചയിച്ചു. സണ്ണി ജേക്കബ്, ഹേമ ഗംഗാധരന്‍ , എ.പി.കരുണന്‍, ഡോ:ഷാജി പി.ശ്രീധര്‍ എന്നിവരെ മറ്റു ഭാരവാഹികളായി ചുമതലപ്പെടുത്തുകയും ചെയ്തു.
സലാലയിലുള്ള പതിനായിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വ്വീസുകളാണ് സ്കൂള്‍ സീസണും ഖരീഫ് സീസണും വരാനിരിക്കെ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് ഉടനെ പുന സ്ഥാപിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
ആദ്യ നടപടി എന്ന നിലയില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് വ്യാപകമായ പരാതി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന മന്ത്രി, വിദേശ കാര്യ മന്ത്രി , വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ , മുഖ്യമന്ത്രി , ബന്ധപ്പെട്ട എം.പി മാര്‍ , എയര്‍ ഇന്ത്യ മാനേജ്മെന്റ് എന്നിവര്‍ക്ക് പരാതി നല്‍കും. അടുത്ത ദിവസം സലാലയില്‍ എത്തുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
വിവിധ സംഘടന ഭാരവാഹികളും പൗര പ്രമുഖരുമായ സണ്ണി ജേക്കബ്, എ.പി.കരുണന്‍, ഡോ:ഷാജി.പി. ശ്രീധര്‍ ,ഷജീര്‍ഖാന്‍ , ഒ.അബ്‌ദുല്‍ ഗഫൂര്‍ , റഷീദ് കല്‍പറ്റ, സിജോയ് പേരാവൂര്‍, ജി.സലിം സേട്ട്, ഡോ:നിഷ്‌താര്‍, കെ.ഷൗക്കത്തലി , ജോസ് ചാക്കോ, ശ്രീജി നായര്‍, റസാഖ് ചാലിശ്ശേരി, മുസാബ് ജമാല്‍, ഹുസൈന്‍ കാച്ചിലോടി ,ജംഷാദ് അലി തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.
അതോടൊപ്പം സീസണ്‍ കാലത്തെ ടിക്കറ്റ് വില വര്‍ധന പിന്‍ വലിക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. സലാലയില്‍ നിന്ന് കേരളത്തിലേക്ക് സാധാരണ 40 മുതല്‍ 50 വരെ റിയാലാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ സമയത്ത് ഇത് 90 മുതല്‍ നൂറ് റിയാല്‍ വരെയാണ് . നാട്ടില്‍ നിന്ന് സലാലയിലേക്ക് 130 റിയാല്‍ വരെയാണ് ചാര്‍ജ് വര്‍ധനയുള്ളത്.