പ്രവാസലോകത്ത് രണ്ടു പതിറ്റാണ്ടായി മാതൃഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ആയി പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖ പ്രതിഭകളായ ഭാഷാധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം നേടിയ പത്തനംതിട്ട സെൻമേരിസ് ഹൈസ്കൂൾ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തര പരിശീലകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും വ്ലോഗറുമായ ബിനു കെ. സാം പുരസ്കാര ത്തുകയായ ഒരു ലക്ഷം രൂപ, ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ മക്കളുടെ പഠനത്തിനായി നൽകി വീണ്ടും മാതൃകയായി.

വെള്ളിയാഴ്ച സിബിൽ നടന്ന മലയാള മഹോത്സവ വേദിയിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ നടനും എഴുത്തുകാരനുമായ ഇബ്രാഹിംകുട്ടി പൊന്നാടയണിക്കുകയും വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ ആഗോള സാഹിത്യത്തിലെ ഇന്ത്യൻ മുഖം ശ്യാം സുധാകർ എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിക്കുകയും രക്ഷാധികാരി അജിത് പനച്ചിയിൽ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ പുരസ്കാരത്തുക നൽകുകയും ചെയ്തു.

62 തവണ രക്തദാനം നടത്തി മാതൃക ആയതിന് സംസ്ഥാന സർക്കാർ 2021-ൽ മികച്ച രക്തദാതാവിനുള്ള പുരസ്കാരം നൽകി ബിനു കെ. സാമിനെ ആദരിച്ചിരുന്നു. സ്വന്തം പുരയിടത്തിൽ വീട് വെച്ച് നൽകിയത് ഉൾപ്പെടെ വിവിധ സാമൂഹികപ്രവർത്തന മേഖലയിൽ മാതൃകയായ ഇദ്ദേഹം ഭാഷാദ്ധ്യാപകൻ എന്ന നിലയിൽ നൂതനാശയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുക വഴി വിദ്യാഭ്യാസ മേഖലയിൽ ഏറെ ശ്രദ്ധേയ നേട്ടങ്ങൾക്ക് ഉടമയാണ്.

പത്തനംതിട്ട തേക്കുതോട് സ്വദേശിയായ ബിനു കെ. സാം അധ്യാപക ദമ്പതികളായ സാമുവൽ കുളത്തുങ്കലിന്റെയും ജി.ദീനാമ്മയുടെ മകനാണ്. കോട്ടയം സി.എം.എസ്. കോളജ് മലയാള വിഭാഗം അധ്യാപിക മിനി മറിയം സഖറിയയാണ് ഭാര്യ. മകൾ ആർച്ച ഡൈന ബംഗലുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്.

മലയാളം ഒമാൻ ചാപ്റ്റർ മലയാളഭാഷാധ്യാപകർക്കായി ഏർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണാ പുരസ്‌കാരം ബിനു കെ സാമിന്‌ സമ്മാനിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *