ഒമാനിൽ നിന്നും വ്യത്യസ്തമായ ഒരു ചക്ക ലേലത്തിന്റെ കഥ. ഒമാനിൽ ഒരു ചക്ക ലേലം ചെയ്തത് നൂറ്റിപ്പത് ഒമാനി റിയാലിന്. നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഈദ് വിഷു ഈസ്റ്റര് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഹർജാൻ ചാവക്കാട് 2023 പരിപാടിയിൽ ആണ് കാൽ ലക്ഷം രൂപയുടെ ചക്കലേലം നടന്നത്.
സംഘടനയുടെ പ്രസിഡന്റ് വി സി സുബ്രഹ്മണ്യന്റെ ഭാര്യ രാജി നാട്ടിൽ നിന്നും കൊണ്ടുവന്ന ചക്കയാണ് മണത്തല സ്വദേശി ഗിരീഷ് ഉയർന്ന തുകക്ക് ലേലത്തിലൂടെ സ്വന്തമാക്കിയത്. തുക ജീവ കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പരിപാടിയിൽ കേരള തനിമ നിലനിർത്തികൊണ്ടുള്ള സദ്യയും, വ്യത്യസ്തമായ താളമേളങ്ങളോടെ തിച്ചൂർ സുരേന്ദ്രൻ ആശാനും, മനോഹരൻ ഗുരുവായൂരും സംഘവും ചേർന്ന് നടത്തിയ പഞ്ചവാദ്യം, ശിങ്കാരിമേളവും കൂടി ആയപ്പോൾ ഒമാനിലുള്ള ചാവക്കാട്ടുകാർ ഉത്സവ ലഹരിയിലായിരുന്നു.
സുബിൻ സുധാകരന്റെ നേതൃത്വത്തിൽ ഒരുക്കു കൂട്ടിയ ഉത്സവത്തിന് മീഡിയ കോഓഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ, അബ്ദുൽ അസീസ്, ഷാജിവൻ,
മനോജ് നെരിയബിള്ളി, ഇല്ല്യാസ് ബാവു, നസീർ ഒരുമനയൂർ, ബാബു തെക്കൻ, മൻസൂർ അക്ബർ, രാജീവ് റ്റി.ടി, സനോജ്, ശിഹാബുദ്ദീൻ അഹമ്മദ്, ഫൈസൽ വലിയകത്ത്, ഫാരിസ് ഹംസ, സോപാനം ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ട്രഷറർ ആഷിക്ക് മുഹമ്മദ്‌കുട്ടി കഴിഞ്ഞ കാലയളവിലെ കണക്കുകൾ അവതരിപ്പിച്ച്, പങ്കെടുത്തവർക്കും സഹകരിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് ഉത്സവത്തിന് കൊടിയിറങ്ങി.