ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വാദിയിൽ അകപ്പെട്ട് കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതൊരിറ്റി അറിയിച്ചു. അയൂബ് ബിൻ ആമിർ ബിൻ ഹമൂദ് അൽ റഹ്ബി എന്ന കുട്ടിയാണ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദിമ വത്താഈൻ വിലായത്തിൽ വാദി ദൈഖയിൽ അപകടത്തിൽ പെട്ടത്.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് രണ്ടാം ദിവസവും തിരച്ചിൽ നടത്തുന്നത്. അതെ സമയം ബുധനാഴ്ച തെക്കൻ ശർവിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽപ്പെട്ട് ദമ്പതികൾ മരിച്ചിരുന്നു.
മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് നടത്തിയ തിരിച്ചിലിനിടെയാണ് ദമ്പതികളായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്തുന്നത്. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയിരുന്നത്.