” മസ്കറ്റ് നൈറ്റിന് ” ലഭിച്ച സ്വീകാര്യതയെ തുടർന്ന് വരുന്ന വേനൽക്കാലത്ത് ” സമ്മർ ഫെസ്റ്റിവലുമായി ” മസ്കറ്റ് മുനിസിപ്പാലിറ്റി . ജൂൺ 28 മുതൽ ജൂലൈ 28 വരെ വിവിധ വേദികളിൽ ആയാണ് ഫെസ്റ്റിവൽ അരങ്ങേറുക . പ്രധാനമായും കുടുംബങ്ങളെയും , കുട്ടികളെയും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഫെസ്റ്റിവൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് .
വേദികളുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല എങ്കിലും അസൈബ ബീച്ച് ആയിരിക്കും ഒരു വേദി എന്ന് ഏറെക്കുറെ ഉറപ്പാണ് . മറ്റു വേദികളുടെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകും . വേദിയിലേക്കുള്ള അലങ്കാര പണികൾ, വിനോദ പരിപാടികൾ എന്നിവയ്ക്കുള്ള ടെൻഡറുകൾ മുനിസിപ്പാലിറ്റി ക്ഷണിച്ചിട്ടുണ്ട് . ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടന്ന , മസ്കറ്റ് ഫെസ്റ്റിവലിന്റെ പുതിയ രൂപമായ ” മസ്കറ്റ് നൈറ്റിന് ” ലഭിച്ച സ്വീകാര്യതയാണ് സമ്മർ ഫെസ്റ്റിവൽ ആരംഭിക്കാൻ പ്രചോദനമായത് .