ഒരുമാസം നീണ്ട വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച ആത്മീയ വിശുദ്ധിയുടെയും അർപ്പണത്തിന്റെയും കരുത്തോടെ ഒമാനിലെ വിശ്വാസി സമൂഹം കേരളത്തിനൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു പെരുന്നാൾ.
ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ്ഗാഹുകളും പെരുന്നാൾ നമസ്കാരവും നടന്നു. പെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകളടക്കം ആയിരകണക്കിനാളുകൾ ആണ് പങ്കെടുത്തത് . മബെല ബി പി മസ്ജിദിൽ നടന്ന ചെറിയപെരുന്നാൾ നമസ്കാരത്തിന് ശക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകി. മബേല മാൾ ഓഫ് മസ്കറ്റിനു സമീപം നടന്ന ഈദ്ഗാഹിന് ഡോ. നഹാസ് മാള നേതൃത്വം നൽകി.
മബെല ഇന്ത്യൻ സ്കൂളിന് സമീപം ഹയാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് ഉവൈസ് വഹബി യും നേതൃത്വം നൽകി.മസ്‌കറ്റും സലാലയും ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ സഥലങ്ങളിൽ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഈദ് ഗാഹിന് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാർ ആണ് നേതൃത്വം നൽകിയത്.
കഴിഞ്ഞ ഒരുമാസം കൊണ്ട് നേടിയെടുത്ത ആത്മ സംസ്കരണം വരും നാളുകളിലും തുടരാൻ ഇമാമുമാർ ഖുത്ത്ബ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു . മസ്കത്ത് ഗവർണറേറ്റിലെ അൽഖോർ മസ്ജിദിലാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്‌കാരം നിർവഹിച്ചത്.
സുൽത്താന്‍റെ സായുധ സേനയുടെ കമാൻഡർമാർ, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവയുടെ ഉദ്യോഗസ്ഥർമാർ, ഒമാനിലെ ഇസ്‌ലാമിക രാജ്യങ്ങളുടെ അംബാസഡർമാർ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ പങ്കാളികളായി. പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികൾ ഈദ്ഗാഹുകളിൽ നിന്ന് പിരിഞ്ഞത്. വിവിധയിടങ്ങളിൽ പായസവിതരണവും സംഘടിപ്പിച്ചിരുന്നു.

ള നേതൃത്വം നൽകുന്നു

മബെല ബി പി മസ്ജിദിൽ നടന്ന ചെറിയപെരുന്നാൾ നമസ്കാരത്തിന് ശക്കീർ ഫൈസി തലപ്പുഴ നേതൃത്വം നൽകുന്നു.
