ഈദുൽ ഫിത്റിനെ വരവേൽക്കാൻ ഒമാനിലെ നാടും നഗരവും ഒരുങ്ങി. സ്വദേശികളുടെയും പ്രവാസികളുടെയും ഷോപ്പിംഗ് തിരക്കുകൾ അവസാന ഘട്ടത്തിലെത്തി.
ചെറിയ പെരുന്നാൾ ആഘോഷം കെങ്കേമമാക്കാൻ രാജ്യത്തെ മുഴുവൻ വിലായത്തുകളിലും ഈദ് ഹബ്ത മാർക്കറ്റുകൾ ആരംഭിച്ചിരുന്നു. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്ക് വേണ്ട എല്ലാ വസ്തുക്കളും ലഭിക്കുന്ന തുറന്ന ചന്തയാണ് ഈദ് ഹബ്ത. റമസാൻ 24 മുതലാണ് ആദ്യ ഹബ്ത ആരംഭിച്ചത്
ഹബ്ത നടക്കുന്ന വിലായതിൽ നിന്ന് മാത്രമല്ല അയൽ വിലായതുകളിൽ നിന്നും ജനങ്ങളെഎത്തിയിരുന്നു.
ഷോപ്പിംഗ് മാളുകളിലും മറ്റു പെരുന്നാൾ ചന്തകളിലും വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച മുതൽ പെരുന്നാൾ അവധി ആരംഭിച്ചു. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഏപ്രിൽ 22 നായിരിക്കും ഈദുൽ ഫിത്വർ എന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അതെ സമയം ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാൾ. സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ പ്രഖ്യാപിച്ചത്.
ചെറിയ പെരുന്നാൾ ശനിയാഴ്ച ആയതിനാൽ റമദാനിൽ ഒരു വെള്ളിയാഴ്ച കൂടി ലഭിച്ച സംതൃപ്തിയിലാണ് ഓമനിലുള്ള വിശ്വാസികൾ. ഒമാനിലെ സ്വദേശികളും വിദേശികളും മസ്ജിദുകളിലും വിവിധ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കരിക്കും. ഒമാനിൽ വിവിധ മലയാളി സംഘടനകൾ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്.